കൊലവിളിപ്രസംഗം:ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തു

Thursday 23 February 2023 1:51 AM IST

കോഴിക്കോട്: പൊലീസിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി.ഐ യുടെ കൈ വെട്ടുമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനനും കാക്കിയിലായിരുന്നില്ലെങ്കിൽ ശവം ഒഴുകി നടക്കുമായിരുന്നെന്ന് യുവമോർച്ച ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ടി.റെനീഷും നടത്തിയ പ്രസംഗം വിവാദമായതോടെയാണ് കസബ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി.ഐയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു സംഭവം.

കേരളത്തിലെ സെൻട്രൽ ജയിലുകളിൽ ബി.ജെ.പി പ്രവർത്തകർ കിടക്കുന്നത് മാങ്ങ പറിക്കാൻ പോയിട്ടല്ല. കിട്ടുന്നത് സ്‌നേഹമായാലും തല്ലായാലും തിരിച്ചു കൊടുത്തേ ഈ പ്രസ്ഥാനത്തിന് ശീലമുള്ളൂ എന്നും നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട്ടെ പരിപാടിക്കിടെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച ജില്ലാകമ്മിറ്റി അംഗം എസ്.വൈഷ്ണവിനെയാണ് നടക്കാവ് സി.ഐ ജിജീഷ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത്. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.