ഡോ. വെള്ളായണി അർജുനന്റെ പെൻഷൻ 2500 രൂപയാക്കി വെട്ടിക്കുറച്ച നടപടിക്ക് സ്റ്റേ
Thursday 23 February 2023 1:55 AM IST
കൊച്ചി: ഭാഷാപണ്ഡിതനും സ്റ്റേറ്റ് ഇൻസ്‌റ്റിറ്റ‌്യൂട്ട് ഒഫ് എൻസൈക്ളോപീഡിക് പബ്ളിക്കേഷൻസ് മുൻ ഡയറക്ടറുമായ ഡോ. വെള്ളായണി അർജുനന്റെ പെൻഷൻ വിരമിച്ച് 35 വർഷത്തിനുശേഷം വെട്ടിക്കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 24,700 രൂപയായിരുന്ന പെൻഷൻ കാരണം വ്യക്തമാക്കാതെ 2,527 രൂപയാക്കി ഫെബ്രുവരി ആറിനാണ് കേരള ഭാഷാ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഡയറക്ടർ ഉത്തരവിറക്കിയത്. ഇതിനെതിരെ ഡോ. വെള്ളായണി അർജുനൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്. സാംസ്കാരിക വകുപ്പു ഡയറക്ടർ അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി. പദ്മശ്രീ ജേതാവു കൂടിയായ ഡോ. വെള്ളായണി അർജുനന് 90 വയസായി. 1988 ഫെബ്രവുരി 22 നാണ് സർവീസിൽ നിന്ന് വിരമിച്ചത്.