വയനാടിന് തിളക്കമായി കളക്ടറും സബ് കളക്ടറും,​  ഇരുവർക്കും റവന്യു അവാർഡ്

Thursday 23 February 2023 12:01 AM IST

കൽപ്പറ്റ:സംസ്ഥാന സർക്കാരിന്റെ റവന്യു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചരിത്ര നേട്ടത്തിൽ തിളങ്ങി വയനാട്. ജില്ലാ കളക്ടർ എ. ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായും മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. റവന്യു മന്ത്രി കെ.രാജൻ തിരുവനന്തപുരത്താണ് കളക്ടർ മുതൽ വില്ലേജ് ഓഫീസർമാർ വരെയുള്ളവർക്ക് അവാർഡ് പ്രഖ്യാപിച്ചത്.

വയനാട് സംസ്ഥാനത്തെ മികച്ച കളക്ടറേറ്റ് ഓഫീസുമായി.

മാനന്തവാടി സബ് കളക്ടർ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യു ഡിവിഷണൽ ഓഫീസ്.

തിരുവനന്തപുരം സ്വദേശിനിയായ എ. ഗീത 2014 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2021 സെപ്തംബർ 9 നാണ് വയനാട് കളക്ടറായി ചുമതലയേറ്റത്. 2022 ഡിസംബറിൽ ഗുരുവായൂരിൽ ദമയന്തി വേഷം കെട്ടി കഥകളി ആടിയിരുന്നു.

2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലക്ഷ്മി ആലുവ സ്വദേശിനിയാണ്.

ഇത് കൂട്ടായ്മയുടെ വിജയമാണെന്നും നേട്ടം വയനാട് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും കളക്ടർ എ. ഗീത പറഞ്ഞു.