നിക്ഷേപതട്ടിപ്പ് സി.ബി.ഐക്ക്, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

Thursday 23 February 2023 12:08 AM IST

 50 സ്ഥാപനങ്ങൾ നടത്തിയത് 2000കോടി തട്ടിപ്പ്

തിരുവനന്തപുരം: അന്തർ സംസ്ഥാന നിക്ഷേപത്തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് കൈമാറാനും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാർ തീരുമാനം.

50 സ്ഥാപനങ്ങൾ നടത്തിയ 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികളിൽ 27സ്ഥാപനങ്ങളുടെയും പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. പൊലീസ് ശുപാർശ ലഭിച്ചാലുടൻ ശേഷിക്കുന്ന കേസുകളിലും സ്വത്തുക്കൾ കണ്ടുകെട്ടും. പോപ്പുലർ ഫിനാൻസ്, യുണിവേഴ്സൽ ട്രേഡിംഗ് സൊല്യൂഷൻസ്, ആർ വൺ ഇൻഫോ ട്രേഡ് ലിമിറ്റഡ് കേസുകൾ സിബിഐക്ക് കൈമാറി.

തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരം ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് എം. കൗളും കളക്ടർമാരും, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റുമാരും ഉൾപ്പെട്ട സമിതിക്കാണ്. തട്ടിപ്പിനിരയായവർക്ക് സമിതിയിൽ പരാതിപ്പെടാം. തട്ടിപ്പ് പൊലീസന്വേഷണത്തിൽ ബോദ്ധ്യമായാൽ സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകർക്ക് പണം നൽകും. കേസന്വേഷണത്തിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ.ജിയെ നോഡൽ ഓഫീസറാക്കി.

സെബി, ഐ.ആർ.ഡി.എ.ഐ, പി.എഫ്.ആർ.ഡി.എ, ഇ.പി.എഫ്.ഒ, റിസർവ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാർ, നാഷണൽ ഹൗസിംഗ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിലേ നിക്ഷേപിക്കാവൂ. അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണ്.

പരാതി നൽകാൻ

ഇ-മെയിൽ:- ca.budsact@kerala.gov.in

വിലാസം:- സഞ്ജയ് എം. കൗൾ ഐ.എ.എസ്, കോംപിറ്റന്റ് അതോറിറ്റി, ബഡ്സ് ആക്ട്, റൂം നമ്പർ 374, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്