മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി; ഒരുപദവി മാനദണ്ഡം പാലിച്ചില്ല പി.അബ്ദുൾ ഹമീദ് എം.എൽ.എ ജില്ലാ സെക്രട്ടറി സ്ഥാനത്ത്

Thursday 23 February 2023 12:16 AM IST

മലപ്പുറം: മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി പി.അബ്ദുൽ ഹമീദ് എം.എൽ.എയെ തിരഞ്ഞെടുത്തു. ഇന്നലെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ കൗൺസിലിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ഇസ്മായിൽ മൂത്തേടം, എം.കെ.ബാവ, എം.എ.ഖാദർ, ഉമ്മർ അറയ്ക്കൽ, പി.സെയ്തലവി, ബി.എസ്.എച്ച് തങ്ങൾ, കുഞ്ഞാപ്പു ഹാജി തുവൂർ (വൈസ് പ്രസിഡന്റുമാർ), നൗഷാദ് മണ്ണിശ്ശേരി, കെ.എം.ഗഫൂർ, അൻവർ മുള്ളമ്പാറ, പി.എം.എ.സമീർ, അഡ്വ.പി.പി.ആരിഫ്, എ.പി.ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറിമാർ), അഷ്റഫ് കോക്കൂർ (ട്രഷറർ) എന്നിവരെയാണ് പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് ഉന്നത നേതാക്കൾ ചർച്ച ചെയ്ത് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതുകൊണ്ട് തന്നെ കൗൺസിലിൽ ചർച്ചകൾക്ക് ഇടമേകാതെ റിട്ടേണിംഗ് ഓഫിസർ സി.എ.എം.എ കരീം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐക്യകണ്ഠ്യേനയാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.

വള്ളിക്കുന്ന് എം.എൽ.എയായ പി.അബ്ദുൽ ഹമീദ് രണ്ടാം തവണയാണ് ജില്ലാ ജനറൽ സെക്രട്ടറിയാകുന്നത്. സംഘടനാ രംഗത്തെ പ്രവർത്തന മികവും ജനറൽ സെക്രട്ടറിയെന്ന മുൻ പരിചയവും പി.അബ്ദുൽഹമീദിന് അനുകൂലമായി. ലീഗിന്റെ അഭിമാന പദ്ധതിയായ ബൈത്തുറഹ്മയിൽ പ്രധാന പങ്കും വഹിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. ഒരേസമയം ഒരാൾക്ക് ഒരു പദവി എന്ന നേരത്തെയുള്ള മാനദണ്ഡം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിവെച്ചു. മലപ്പുറത്തെ പ്രത്യേക സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് സമയത്ത് ഇരട്ട പദവി മാനദണ്ഡം കർശനമാക്കിയപ്പോൾ എല്ലാ സ്ഥാനങ്ങളിലും ഈ മാനദണ്ഡം കർശനമാക്കുമെന്ന് ലീഗ് നേതൃത്വം പറഞ്ഞിരുന്നു. ഇത് പാലിച്ചാൽ സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിലും തിരിച്ചടിയാവുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

മലപ്പുറം റോസ് ലോഞ്ചിൽ വൈകിട്ട് നാലോടെ ചേർന്ന കൗൺസിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഭാരവാഹികളെ തിരഞ്ഞെടുത്ത് പിരിഞ്ഞത്. ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളും മണ്ഡലം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മുതിർന്ന നേതാക്കൾ ചർച്ച ചെയ്താണ് ഭാരവാഹി പട്ടിക തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മുത്തേടവും അവസാനഘട്ടം വരെ ജനറൽ സെക്രട്ടറി പട്ടികയിൽ ഇടംപിടിച്ചിരുന്നെങ്കിലും മുതിർന്ന നേതാക്കളുടെ പിന്തുണയിൽ അബ്ദുൽ ഹമീദ് എം.എൽ.എയ്ക്ക് ലഭിച്ചു.

മുൻ ജില്ലാ കമ്മിറ്റിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ആറ് വീതം വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിങ്ങനെയാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ കമ്മിറ്റിയിൽ ഒരു ഭാരവാഹിയുടെ വർദ്ധനവുണ്ടായി. ഏഴ് വൈസ് പ്രസിഡന്റുമാരെയും ആറ് സെക്രട്ടറിമാരെയും പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ പുനഃസംഘടന കോടതി കയറിയതോടെ ഈ മണ്ഡലത്തിൽ നിന്നുള്ള ഒരു ഭാരവാഹിയുടെ ഒഴിവ് വന്നിട്ടുണ്ട്. ഇത് പൂർത്തിയാൽ ഏഴ് സെക്രട്ടറിമാരും കമ്മിറ്റിയിൽ വരും. കഴിഞ്ഞ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് എം.എൽ.എ, ട്രഷറർ അരിമ്പ്ര മുഹമ്മദ് മാസ്റ്റ‌ർ, സി.മുഹമ്മദലി, പി.എ.റഷീദ്, എം.അബ്ദുല്ലക്കുട്ടി, സലീം കുരുവമ്പലം, പി.കെ.സി.അബ്ദുറഹമാൻ എന്നിവർ ഇത്തവണ ഇടം പിടിച്ചില്ല. പകരം പി.സൈതലവി, ബി.എസ്.എച്ച് തങ്ങൾ, കുഞ്ഞാപ്പു ഹാജി തുവൂർ, അൻവർ മുള്ളമ്പാറ, പി.എം.എ.സമീർ, അഡ്വ.പി.പി.ആരിഫ്, എ.പി.ഉണ്ണികൃഷ്ണൻ എന്നിവർ പുതിയ കമ്മിറ്റിയിൽ ഇടംപിടിച്ചു.