ആറ്റുകാലിൽ 'കാന്താര'യിലെ പഞ്ചുരുളി തെയ്യവും
തിരുവനന്തപുരം: 'കാന്താര' സിനിമയിൽ നിറഞ്ഞാടിയ ഭൂതക്കോലമായ പഞ്ചുരുളി ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ തെയ്യത്തറയിൽ അരങ്ങേറും. സാത്വികമായി തുടങ്ങി, രൗദ്ര നടനം ചെയ്ത് അനുഗ്രഹം ചൊരിയുന്ന ഭൂതക്കോലമാണ് പഞ്ചുരുളി തെയ്യം. ദക്ഷിണ കർണാടകത്തിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹ സങ്കൽപ്പത്തിലുള്ള ഉഗ്രമൂർത്തി തെയ്യമാണിത്.
അനുഷ്ഠാന കലയായി മാത്രം നടക്കുന്ന പഞ്ചുരുളി തെയ്യത്തിന്റെ ഒരു ചെറു അവതരണമാണ് കാന്താര തെയ്യമെന്ന പേരിൽ അഞ്ചാം ഉത്സവദിവസമായ മാർച്ച് 3ന് രാത്രി 7ന് കോഴിക്കോട് തിറയാട്ട കലാസമിതി അവതരിപ്പിക്കുന്നത്.
ശുംഭ, നിശുംഭാസുരന്മാരെ നിഗ്രഹിക്കാൻ ദേവി അവതരിച്ചപ്പോൾ സഹായത്തിന് മഹേശ്വരന്റെ ഹോമകുണ്ഠത്തിൽ നിന്ന് ഉയർന്നു വന്ന ഏഴു ദേവിമാരിൽ പ്രധാനിയാണ് പഞ്ചുരുളി എന്നാണ് വിശ്വാസം. തുളു ഭാഷയിൽ പഞ്ചി എന്നാൽ വരാഹം (പന്നി). പഞ്ചി ഉരു കാളിയാണ് പഞ്ചുരുളിയായി മാറിയതത്രേ.
പഞ്ചവീരന്മാരെ വധിച്ച് ഭൂമിയിൽ ഐശ്വര്യം നിറയ്‌ക്കാൻ അവതരിച്ച കാളിയാണ് പഞ്ചുരുളിയെന്നും വിശ്വാസമുണ്ട്. തുളുനാട്ടിൽ നിന്നെത്തിയ ദേവി കുളൂർ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്ന് ഒഴിച്ചതിനാൽ വാഗ്ദാന പ്രകാരം പട്ടുവം കടവിൽ ഇടം നേടിയെന്ന ഐതിഹ്യമുണ്ട് പഞ്ചുരുളിക്ക്. കാസർകോടിന് കിഴക്കുള്ള കാവുകളിലെ തെയ്യവും മറ്റ് സ്ഥലങ്ങളിലെ തെയ്യവും തമ്മിൽ കെട്ടിലും മട്ടിലും വ്യത്യാസം ഉണ്ട്.
പഞ്ചുരുളി തെയ്യത്തിന്റെ പ്രധാന സ്ഥലങ്ങൾ വടക്കേകാവ്, പട്ടുവം കൂരാൻകുന്ന് ,പഴങ്ങോട് ചിറക്കുറ്റി പുതിയകാവ് ,കോലത്തുവയൽ
ആറ്റുകാലിൽ തെയ്യത്തറ ആദ്യം
ആറ്റുകാലിൽ മൂന്നു കലാ വേദികൾക്കു പുറമേ അനുഷ്ഠാന കലകൾക്കായി തെയ്യത്തറ ആദ്യമാണ്. മാർച്ച് ഒന്നിന് രാത്രി 7ന് കവിയൂർ ശ്രീഭദ്ര പടയണി സംഘം പടയണി അവതരിപ്പിക്കും. രണ്ടിന് രാത്രി 7ന് ആറ്റിങ്ങൽ കലാവേദി ഗോപകുമാറും സംഘവും തെയ്യം അവതരിപ്പിക്കും. മൂന്നിന് കോഴിക്കോട് തിറയാട്ട കലാസമിതി കാന്താര തെയ്യത്തിനൊപ്പം,രക്തചാമുണ്ഡി തെയ്യം, നാഗഭഗവതി തെയ്യം, പൊട്ടൻ തെയ്യം, കനലാട്ടം എന്നിവയും അവതരിപ്പിക്കും.