യൂത്ത് കോൺഗ്രസുകാർക്ക് നേരെ ആക്രമണം: 26 ഡി.വൈ.എഫ്.ഐക്കാരുടെ പേരിൽ വധശ്രമത്തിന് കേസ്

Thursday 23 February 2023 2:28 AM IST

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ 26 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിലാൽ, ബ്ലോക്ക് ജോ. സെക്രട്ടറി സനോഫാർ, വൈശാഖൻ തുടങ്ങിയവർക്കെതിരെയാണ് കേസ്.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന്റെ പരിക്കുകൾ കണക്കിലെടുത്ത് ആക്രമിച്ച് മുറിവേൽപ്പിക്കലിനുള്ള വകുപ്പ് കൂടി പ്രതികൾക്കെതിരെ ചുമത്തി. പൊലീസ് ഇന്നലെ ആശുപത്രിയിലെത്തി വിഷ്ണു സുനിൽ പന്തളത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഡോക്ടർമാരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് ഗുരുതരമായ മുറിവേൽപ്പിക്കൽ കൂടി ചേർത്തത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്താണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. വ്യവസായ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി.രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വിഷ്ണു സുനിൽ പന്തളം ഉൾപ്പെടെ ആറോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ തുടങ്ങിയവർ സന്ദർശിച്ചു.

Advertisement
Advertisement