നഷ്ടപ്പെട്ടത് കുടുംബത്തിന്റെ തണൽ, നാടിന് പ്രീയപ്പെട്ടവൻ

Thursday 23 February 2023 2:41 AM IST

ചവറ: പന്മന വടുതലയിൽ ഇരുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് മരിച്ച പന്മന പുലത്തറ കുടുംബത്തിലെ നിസാറിന്റെ വേർപാട് ഏവരേയും കണ്ണീരിലാഴ്ത്തി.

എപ്പോഴും ചിരിച്ചുകൊണ്ട് സൗമ്യനായി ഇടപെടുന്ന നിസാർ തന്റെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു. തന്റെ ഒരാളുടെ വരുമാനം കൊണ്ടാണ് രണ്ടുമക്കളെയും പഠിപ്പിച്ചിരുന്നത്. ഇതിനായി ഒഴിവ് ദിവസങ്ങളിലും നിസാർ പണിക്ക് പോയിരുന്നു.

ദുരന്ത വാർത്ത അറിഞ്ഞ് നിസാറിനെ ഒരുനോക്ക് കാണാൻ അപകട സ്ഥലത്തും വൈകിട്ട് വീട്ടിലും വൻ ജനാവലി എത്തിയിരുന്നു. ഭാര്യ റഹിയാനത്തിന്റെയും മക്കളായ മുഹമ്മദ് ബിലാലിന്റെയും ഫാത്തിമയുടെയും അലമുറയിട്ടുള്ള നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

നിസാറിന്റെ വേർപാട് കുടുംബത്തിനെന്ന പോലെ സഹപ്രവർത്തകരെയും കൂട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തി. അപകട വിവരം അറിഞ്ഞപ്പോൾ തന്നെ സ്ഥലം എം.എൽ.എ ഡോ.സുജിത്ത് വിജയൻപിള്ള, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവർ സ്ഥലത്തെത്തി. ചവറയിലെ അഗ്നി രക്ഷാസേനയും ചവറ പൊലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.