കശുഅണ്ടി മേഖലയിൽ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണം: എ.എ.അസീസ്

Thursday 23 February 2023 2:43 AM IST

കൊല്ലം: പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുഅണ്ടിഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്ന് ഓൾ കേരളാ കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എ.എ.അസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കാലകാലങ്ങളിൽ കോർപ്പറേഷനും കാപ്പെക്സും കശുമാവ് കൃഷിക്ക് ബഡ്‌ജറ്റിൽ തുക വകയിരുത്താറുണ്ട്. എന്നാൽ ഇതിന്റെ പേരിൽ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയാണ്.

കശുഅണ്ടി മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാൻ വ്യവസായ മന്ത്രി പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും ഈ ആവശ്യം ഉന്നയിച്ച് തൊഴിലാളികളുടെ നിരത്തി സെക്രട്ടേറിയറ്റിലേക്ക് യു.ടി.യു.സി പട്ടിണി മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.