വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി വിയോഗം

Thursday 23 February 2023 4:13 AM IST

കൊച്ചി: 41-ാം വയസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കി​ടെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം. കലാഭവനിലെ സഹപ്രവർത്തകനുമായി​ വി​വാഹ ആലോചനകൾ പുരോഗമി​ക്കുകയാണെന്ന് അടുത്തി​ടെ ഒരു ചാനൽ ഇന്റർവ്യൂവി​ൽ സുബി​ പറഞ്ഞി​രുന്നു.

മിലിട്ടറി ഉദ്യോഗസ്ഥ ആവണമെന്ന കടുത്ത ആഗ്രഹം സഫലമാക്കാൻ സ്കൂളി​ലും കോളേജിലും സുബി​ എൻ.സി.സിയിൽ സജീവമായി​രുന്നു. അച്ഛനും അമ്മയും വേർപി​രിഞ്ഞതോടെ 18-ാം വയസിൽ കുടുംബത്തി​ന്റെ ഉത്തരവാദി​ത്വം ഏറ്റെടുത്തു. ആദ്യകാലത്ത് 500 രൂപയായിരുന്നു പരിപാടികൾക്ക് സുബിക്ക് ലഭിച്ച പ്രതിഫലം. ഈ തുകകൊണ്ട് വീട്ടിലെ കാര്യങ്ങൾ, വീട്ടുവാടക, സഹോദരന്റെ പഠനം എന്നിവയെല്ലാം സുബി മുമ്പോട്ട് കൊണ്ടുപോയി. കോളേജ് പഠനകാലത്ത് വിവാഹാലോചനകൾ വന്നെങ്കി​ലും കുടുംബം നോക്കുകയായിരുന്നു പ്രധാനം.

സ്വന്തമായി വീടെന്ന സ്വപ്നം ഏതാനും വർഷം മുമ്പാണ് സഫലമാക്കി​യത്. വരാപ്പുഴ തി​രുമുപ്പത്ത് സുബി നി​ർമ്മി​ച്ച വീടി​ന് 'എന്റെ വീട്"എന്നു പേരി​ട്ടത് സുഹൃത്തായ രമേഷ് പി​ഷാരടി​യാണ്. വീടിന് അടുത്ത് തന്നെ സഹോദരനും സുബി​ മറ്റൊരു വീട് നി​ർമ്മി​ച്ചു നൽകി. നാല് വർഷം മുമ്പാണ് പി​താവ് സുരേഷ് മരി​ച്ചത്.