സീ പോർട്ട് എയർപോർട്ട് റോഡിൽ ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്നു

Friday 24 February 2023 12:25 AM IST

തൃപ്പൂണിത്തുറ: സീ പോർട്ട് എയർപോർട്ട് റോഡിൽ ട്രാക്കോ കേബിൾ കമ്പനിക്ക് സമീപം ഉമാമഹേശ്വരി ക്ഷേത്രത്തിനു മുൻവശം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്നത് ഭീതി പരത്തി.

ഇന്നലെ ഉച്ചയ്ക്ക് 1.50 ന് ടി.സി.സി.യിൽ നിന്ന് ചവറ കെ.എം.എം.ലേയ്ക്ക് പോകുകയായിരുന്ന ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്. കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ച തൃപ്പൂണിത്തുറ അഗ്നി രക്ഷാസേന സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. റോഡരികിൽ ഒഴുകി ഇറങ്ങിയ ഹൈഡ്രോക്ലോറിക് ആസിഡ് മണൽ കൊണ്ട് മൂടുകയും വാഹനത്തിന്റെ വാൽവ് ക്രമീകരിച്ച് ലീക്ക് തടയുകയും ചെയ്ത് സുരക്ഷിതമാക്കി. റോഡിന്റെ ചെരിഞ്ഞ ഭാഗത്ത് ടാങ്കർ ലോറി ചരിച്ച് പാർക്ക് ചെയ്ത് ഡ്രൈവർ പുറത്തുപോയ സമയത്തായിരുന്നു രൂക്ഷഗന്ധത്തോടെയുള്ള ആസിഡ് ടാങ്കറിന്റെ മുകളിലുള്ള അടപ്പിന് താഴെ കൂടി ഒഴുകാൻ തുടങ്ങിയത്.

സേന മറ്റൊരു ഡൈവറെ സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കി. തൃപ്പൂണിത്തുറ അഗ്നി രക്ഷാസേനയുടെ സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, ഇ.എം. ജോഷി തുടങ്ങിയവർ നേതൃത്വം നൽകി. കളക്ട്രേറ്റിൽ നിന്ന് ഫാക്ടറി ഇൻസ്പെക്ടർ നിധീഷിന്റെ നേതൃത്വത്തിൽ കെമിക്കൽ എമർജൻസി റെസ്പോൺസ് ടീമും പൊലീസും വില്ലേജ് അധികാരികളും കൗൺസിലറും സ്ഥലത്തെത്തിയിരുന്നു.