അടിസ്ഥാനസൗകര്യ വികസനം: സിമന്റ് ഉപഭോഗം മേലോട്ട്

Friday 24 February 2023 3:50 AM IST

ന്യൂഡൽഹി: രാജ്യത്ത് അടിസ്ഥാനസൗകര്യ വികസനം സജീവ ട്രാക്കിലായതോടെ സിമന്റ് ഉപഭോഗത്തിൽ വൻ കുതിപ്പ്. അടുത്ത സാമ്പത്തികവർഷം (2023-24) ഉപഭോഗം 7-9 ശതമാനം ഉയർന്ന് 425 മില്യൺ ടണ്ണാകുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ മൂന്നാംവർഷമാണ് ഉപഭോഗം വളർച്ച കുറിക്കുക.

നടപ്പുവർഷത്തെ (2022-23) ആദ്യ 10 മാസങ്ങളിൽ 11 ശതമാനം വർദ്ധന ഉപഭോഗത്തിലുണ്ട്. കേന്ദ്രസർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ ഉന്നൽ നൽകുന്നതും റിയൽ എസ്‌റ്റേറ്റ് മേഖലയുടെ തിരിച്ചുവരവും ഗ്രാമീണ ഭവനപദ്ധതികളുടെ വളർച്ചയും സിമന്റ് ഉപഭോഗം കൂടാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. കേന്ദ്ര റോഡ് വികസന മന്ത്രാലയം,​ ദേശീയപാത അതോറിറ്റി എന്നിവയുടെ പദ്ധതിച്ചെലവുകൾ തന്നെ നടപ്പുവർഷം 14 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ)​ പദ്ധതി 12 ശതമാനം വളർന്നതും സിമന്റ് വില്പനയ്ക്ക് നേട്ടമായി. 2021-22,​ 2022-23 സമ്പദ്‌വർഷങ്ങളിൽ 68 മില്യൺ ടണ്ണിന്റെ വളർച്ചയാണ് ഉപഭോഗത്തിലുണ്ടായത്. 2023-24ലെ വളർച്ചാപ്രതീക്ഷ 30-35 മില്യൺ ടണ്ണാണ്. ഡിമാൻഡിലെ പ്രതിവർഷ വളർച്ചാശരാശരി 2020-21ന് ശേഷം 30 ശതമാനമാണ്.