ഫെഡറൽ ബാങ്ക് ആസ്ഥാനത്ത് സൗരോർജ പ്ലാന്റ്

Friday 24 February 2023 3:31 AM IST

കൊച്ചി: ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാനമായ ആലുവയിലെ ഫെഡറൽ ടവേഴ്‌സിൽ 100 കിലോവാട്‌സ് വരെ ഉത്‌പാദനശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിച്ചു. മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്‌തു. മന്ദിരത്തിലെ വൈദ്യുതി ഉപഭോഗത്തിൽ 20 ശതമാനം വരെ കുറയ്ക്കാൻ സോളാർ പ്ളാന്റ് വഴിയൊരുക്കും.

ഹരിതോർജം പ്രോത്സാഹിപ്പിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പ്ളാന്റെന്നും പ്രതിവർഷം 129 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ പ്ളാന്റ് സഹായിക്കുമെന്നും ശ്യാം ശ്രീനിവാസൻ പറഞ്ഞു.

ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും സി.എഫ്.ഒയുമായ വെങ്കട്ടരാമൻ വെങ്കടേശ്വരൻ, പ്രസിഡന്റ് ആൻഡ് സി.എച്ച്.ആർ.ഒ കെ.കെ.അജിത് കുമാർ, എസ്.വി.പി ആൻഡ് ചീഫ് റിസ്‌ക് ഓഫീസർ സി.ദാമോദരൻ, ഡി.വി.പി ആൻഡ് ഹെഡ് കോർപ്പറേറ്റ് സർവീസസ് ഹേമ ശിവദാസൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.