യൂത്ത് ലീഗ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം, ജലപീരങ്കി

Friday 24 February 2023 12:38 AM IST
സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനും നയങ്ങൾക്കുമെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

കോഴിക്കോട്: സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനും നയങ്ങൾക്കുമെതിരേയെന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയേറ്റ് ഒരു പ്രവർത്തകന് പരിക്ക്. ബാരിക്കേഡുകൾ ചാടിക്കടന്ന മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സീനിയർ വൈസ് പ്രസിഡന്റ് സി.ജാഫർ സാദിക്ക്, ഷൌക്കത്ത് മൂഴിക്കൽ,ഹർഷിദ് നൂറാംതോട്, സജാദ് മലയമ്മ, മുസമ്മിൽ പൂനത്ത്, നാസർ കട്ടിപ്പാറ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ചുമായെത്തിയത്. കലക്ടറേറ്റിന് മുമ്പിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു. അതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമം തുടങ്ങി. തുടർന്ന് ജലപീരങ്കി പ്രയോഗമുണ്ടായി. അതിനിടയിലാണ് മൂന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിനുള്ളിലേക്ക് കടന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർച്ച് കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധതയുടെ മൂർത്ത ഭാവമാണ് കേരള സർക്കാരെന്ന് കെ.എം.ഷാജി പറഞ്ഞു. കേരളത്തിൽ മന്ത്രിമാരുടെയും കമ്യൂണിസറ്റുകാരുടെയും മക്കൾക്ക് മാത്രമാണ് ജീവിക്കാൻ കഴിയുന്നത്. അവർക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. സാധാരണക്കാരും ആദിവാസികളും എല്ലാം ദുരിതക്കയത്തിലാണ്. അവരെ ഞെക്കിപ്പഴിഞ്ഞ് കൊള്ളയടിക്കുന്നസർക്കാരായി ഇടതുപക്ഷം മാറിയെന്നും ഷാജി പറഞ്ഞു.
പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ആഷിക് ചെലവൂർ, സഫറി വെള്ളയിൽ, സി.ജാഫർ സാദിക്ക്, എ.ഷിജിത്ത് ഖാൻ, ഷഫീക് അരക്കിണർ, എസ്.വി ഷൗലീക്ക്, എം.പി ഷാജഹാൻ, സിറാജ് ചിറ്റേടത്ത്, വി അബ്ദുൽ ജലീൽ, ശുഐബ് കുന്നത്ത്, എം.ടി സെയ്ദ് ഫസൽ,കെ.പി സുനീർ,അഫ്‌നാസ് ചോറോട്,സാഹിബ് മുഖദാർ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.

Advertisement
Advertisement