 ആലുവ മണപ്പുറം: വ്യാപാരമേളയിൽ വൻതിരക്ക്, ദൃശ്യോത്സവം നാളെ മുതൽ

Friday 24 February 2023 12:10 AM IST

ആലുവ: ശിവരാത്രി ബലിതർപ്പണ ചടങ്ങുകൾ അവസാനിച്ചതോടെ മണപ്പുറത്തെ വ്യാപാരമേളയിൽ സന്ദർശകരേറി. പൊടിശല്യം ഒഴിവാക്കാൻ നിലത്ത് മാറ്റും വെയിൽ തടയാൻ നെറ്റും സ്ഥാപിച്ചതിനാൽ പകൽ സമയങ്ങളിലും തിരക്കുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു മഹാശിവരാത്രി. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വ്യാപാരമേളയും വിനോദ പരിപാടികളുമാണ് ഇതോടനുബന്ധിച്ചുള്ളത്. പതിവിൽ നിന്ന് വ്യത്യസ്ഥമായി ബംഗ്ളൂരു ഫൺ വേൾഡാണ് വ്യാപാരമേളയും വിനോദ പരിപാടികളുടെയുമെല്ലാം നടത്തിപ്പ് 63 ലക്ഷം രൂപയ്ക്ക് കരാർ എടുത്തിട്ടുള്ളത്. അതിനാൽ ഇക്കുറി അമ്യൂസ്മെന്റ് പാർക്കിൽ വിസ്മയകാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. ഉത്തരേന്ത്യയിലെ ദസ്രക്കും തമിഴ്‌നാട്ടിലെ പൊങ്കലിനും അമ്യൂസ്‌മെന്റ് പാർക്ക് ഒരുക്കുന്ന ഗ്രൂപ്പാണ് ഫൺ വേൾഡ്. അമ്യുസ്മെന്റ് പാർക്കിൽ കടലിനടിയിലൂടെ സഞ്ചരിച്ച് മത്സ്യക്കൂട്ടങ്ങളെ അടുത്തുകാണാം. ഏറ്റവും ആകർഷകമായ ഇനങ്ങളിലൊന്നാണ് അണ്ടർവാട്ടർ ടണൽ. പാർക്കിന്റെ കവാടത്തിലെ മൃഗശാലയാണ് മറ്റൊരു കൗതുകം. ആഫ്രിക്കൻ വനാന്തരങ്ങളിൽ സ്വൈര്യവിഹാരം നടത്തുന്ന ആനകൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്ന അപൂർവ്വ ഇനം വന്യമൃഗങ്ങളുടെ പ്രതീകാത്മക സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് മൃഗശാല.

പടുകൂറ്റൻ വിൻഡ് മിൽ, ട്വിസ്റ്റ് ടവർ, സുനാമി, മെറിഗോ റൗണ്ട്, കോളമ്പസ്, ടെക്നോ ജംബ്, ചൈനീസ് ടൊറ ടൊറ, എൻ.എഫ്.എസ് കാർ, സ്വിംഗ് കാർ തുടങ്ങി 39 തരം റൈഡുകളുമുണ്ട്. രണ്ട് ജെയിന്റ് വീൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം അഞ്ച് മാരുതി കാറും അഞ്ച് ബൈക്കും അഭ്യാസപ്രകടനം നടത്തുന്ന മരണക്കിണർ കേരളത്തിൽ ആദ്യമാണ്. കുട്ടികൾക്കുവേണ്ടിയുള്ള 11 ഇനവും മുതിർന്നവർക്കുള്ള 29 ഇനങ്ങളുമുണ്ട്.

ദൃശ്യോത്സവം നാളെ മുതൽ

ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ മണപ്പുറത്ത് സംഘടിപ്പിക്കുന്ന ദൃശ്യോത്സവം നാളെ മുതൽ മാർച്ച് നാല് വരെ നടക്കും. നാളെ വൈകിട്ട് 6.30ന് തിരക്കഥാകൃത്ത് രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മനോജ് ഗിന്നസ് നയിക്കുന്ന മെഗാഷോ. 26ന് വൈകിട്ട് സമ്മേളന ശേഷം നാടൻ പാട്ടുകളും കളികളും 27ന് രാത്രി വയലാർ ഗാനസന്ധ്യ, 28ന് ഗസൽരാത്, മാർച്ച് ഒന്നിന് കാട്ടാക്കടയും സന്ധ്യയും, രണ്ടിന് ഗോൾഡൻ ക്ളാസിക് ഹിറ്റ്സ്, മൂന്നിന് മ്യൂസിക്, നാലിന് മജീഷ്യൻ സാമ്രാജ് നയിക്കുന്ന മെഗാഷോ എന്നിവ നടക്കും.