അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ ‘ചങ്ങാതി’ വീണ്ടുമെത്തുന്നു
പാലക്കാട്: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ മലയാളപഠനത്തിന് വീണ്ടും 'ചങ്ങാതി'യെത്തുന്നു. കൊവിഡിനെ തുടർന്ന് മുടങ്ങിപ്പോയ പദ്ധതിയെ സാക്ഷരതാ മിഷനാണ് പൊടിതട്ടിയെടുക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ 'ഹമാരി മലയാളം' എന്ന പേരിൽ സംസ്ഥാന സാക്ഷരതാ മിഷൻ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്.
ചങ്ങാതി പദ്ധതി 2018, 2019 വർഷങ്ങളിൽ പുതുശേരി, വാണിയംകുളം പഞ്ചായത്തുകളിൽ നടപ്പാക്കി വിജയം കൈവരിച്ചിരുന്നു. ആറ് നഗരസഭകളും ഒരു പഞ്ചായത്തും കേന്ദ്രീകരിച്ചാണ് പഠന സൗകര്യം ഒരുക്കുന്നത്. പദ്ധതി സംബന്ധിച്ച് വിവരശേഖരണം മാർച്ച് ആദ്യം ആരംഭിക്കും. നിലവിൽ സംഘാടകസമിതികൾ ചേരുന്നുണ്ട്.
കുട്ടികളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അത്യാവശ്യമാണെങ്കിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തേ മലമ്പുഴയെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ജില്ലാ മിഷൻ നിർദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീട് പഠ്ന ലിഖ്ന അഭിയാൻ പദ്ധതി വന്നതോടെ ചങ്ങാതി പദ്ധതി തത്കാലം നിർത്തുകയായിരുന്നു. സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ കഞ്ചിക്കോട് അപ്നാഘറിലും അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചും വീടുകളിലെത്തിയുമാണ് ക്ലാസ് നൽകുക. ആഴ്ചയിൽ മൂന്ന് ക്ലാസെങ്കിലും ഉണ്ടായിരിക്കും. തൊഴിലുടമയുടെ പിന്തുണയുള്ള സ്ഥലങ്ങളിൽ തൊഴിലിടങ്ങളിൽ ക്ലാസുകൾ നൽകും.
അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി പഠിപ്പിക്കും
പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ, ചെർപ്പുളശേരി നഗരസഭകളും പുതുശേരി പഞ്ചായത്തും കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി മലയാളം പഠിപ്പിക്കുക. ജില്ലാ പഞ്ചായത്തിന്റെ സഹായവും പദ്ധതിക്ക് ലഭിക്കും. 2018 -19 വർഷത്തിൽ പുതുശേരിയിൽ 75 പേരും 2019 -20 വർഷത്തിൽ വാണിയംകുളത്ത് 52 പേരും മലയാളം പഠിച്ച് പരീക്ഷയെഴുതിയിരുന്നു.