പറഞ്ഞും പാട്ടുപാടിയും ഫാത്തിമയുടെ തത്തകൾ

Friday 24 February 2023 12:51 AM IST

കോന്നി : മങ്ങാരം നിഷാഭവനിൽ അഷ്റഫിന്റെയും ഫാത്തിമയുടെയും ജീവിതത്തിൽ വിരുന്നെത്തിയതാണ് മുത്തും മീനുട്ടിയും എന്ന വിളിപ്പേരുകളിൽ കലപില കൂട്ടി ആരുടെയും മനംകവരുന്ന തത്തകൾ. മക്കളില്ലാത്ത ദമ്പതികൾക്ക് കുസൃതിക്കുരുന്നുകളാകുന്നു ഇരുവരും. രണ്ടുവർഷം മുൻപ് മുത്തുവിനെയും ഒരുവർഷം മുൻപ് മീനുട്ടിയേയും വാങ്ങുകയായിരുന്നു. ഫാത്തിമ കഴിക്കുന്നതെന്തും ഈ തത്തകളും കഴിക്കും. ചായയും കാപ്പിയുമെല്ലാം കുടിച്ച് തത്തകളും ഒപ്പംകൂടും. ഫാത്തിമയ്ക്കൊപ്പമാണ് മുത്തും മീനുട്ടിയും ഉറങ്ങുന്നത്. ടിവി കാണാനും ഇവർ ഒന്നിച്ചിരിക്കും. കൊച്ചു ടിവിയും അനിമൽ പ്ലാനെറ്റുമാണ് ഇഷ്ട ചാനലുകൾ, വേറെ ചാനൽ വച്ചാൽ ചിലച്ചു പ്രതിഷേധമറിയിക്കും. പകൽ വിശ്രമിക്കാൻ മുത്തിന് ടേബിൾ ഫാനിന്റെ കാറ്റുകൊള്ളണം. രാത്രിയിൽ വീടിന്റെ പരിസരത്തു മനുഷ്യരോ മൃഗങ്ങളോ എത്തിയാൽ നിറുത്താതെ ചിലച്ചു വീട്ടുകാരെ വിവരം അറിയിക്കും. തനിയെ കുളിക്കുന്ന ഇവർ മത്സ്യവും മാംസവും കപ്പയും ചക്കയും എല്ലാം കഴിക്കും. ഫാത്തിമ സംസാരിക്കുന്നതെല്ലാം തത്തകളും പറയും. വീട്ടിലെ ജോലി ചെയ്യുമ്പോൾ തത്തകളും തോളിലുണ്ടാവും. തത്തകളെ തനിച്ചാക്കി വീട്ടിൽ നിന്ന് പോകാനും ഇവർക്ക് വിഷമമാണ്. പുറത്തു കൊണ്ടുപോയാൽ തിരികെ വീട്ടിൽ പോകാൻ മുത്തും മീനുട്ടിയും വാശിപിടിക്കും. പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും കൗതുകമാണ് ഈ തത്തകൾ. ഫാത്തിമ ഇരിക്കുന്ന കസേരയിൽ മറ്റാരും കയറി ഇരിക്കാനും തത്തകൾ സമ്മതിക്കില്ല. അഷ്റഫിനെ പപ്പാ എന്നും ഫാത്തിമയെ അമ്മ എന്നുമാണ് തത്തകൾ വിളിക്കുന്നത്. അയൽവാസിയായ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലിന്റെ ഭാര്യ അമ്പിളിയെ തത്തകൾ അമ്പിളി ചേച്ചിയെന്നാണ് വിളിക്കുന്നത്.