കുടിവെള്ള വിതരണം:എ.ഡി.ബി സംഘം ചർച്ച നടത്തി

Friday 24 February 2023 12:00 AM IST

തിരുവനന്തപുരം: തിരുവനന്തപുരം,​ കൊച്ചി കോർപ്പറേഷനുകളിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നതിനായി എ.ഡി.ബി സംഘം തലസ്ഥാനത്ത് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചർച്ചകളുടെ തുടർച്ചയാണിത്. വാട്ടർ അതോറിട്ടി എം.ഡി എസ്.വെങ്കിടേസപതി,​ സൂപ്രണ്ടിംഗ് എൻജിനിയർ നൗഷാദ്,​ സെൻട്രൽ സോൺ ചീഫ് എൻജിനിയർ ടി.എസ്.സുധീർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

വാട്ടർ അതോറിട്ടിയുടെ തലസ്ഥാനത്തെ പ്രവർത്തനങ്ങളും പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങളുടെ വിലയിരുത്തലും യോഗം ചർച്ച ചെയ്തു. സോണൽ ഹെഡ് ഹിക്കാരു ഷോജുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എ.ഡി.ബിയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രീബിഡ് യോഗത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അടക്കം ഏഴ് കമ്പനികൾ പങ്കെടുത്തിരുന്നു. സന്ദർശനം ഇന്നുകൂടി തുടരും.