സാങ്കേതിക വി.സി : സർക്കാർ തടസ ഹർജി സമർപ്പിച്ചു

Friday 24 February 2023 12:06 AM IST

ന്യൂഡൽഹി : സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനത്തിൽ ഗവർണർക്ക് മുമ്പ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സർക്കാർ അഭിഭാഷകനായ ഹർഷദ് വി. ഹമീദ് മുഖേന ഉന്നത വിദ്യാഭ്യാസ വകുപ്പ് തടസ ഹർജി സമർപ്പിച്ചു. ഗവർണർ ഹർജി നൽകിയാൽ സംസ്ഥാന സർക്കാരിന്റെ ഭാഗം കേൾക്കാതെ കോടതി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം..

താത്കാലിക വൈസ് ചാൻസലറുടെ പേര് നിർദേശിക്കേണ്ടത് സർക്കാരാണെന്നും, പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത തീരുമാനമായതിനാൽ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് സംസ്ഥാന സർക്കാർ തടസ ഹർജി സമർപ്പിച്ചത്. എന്നാൽ, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. താൽക്കാലിക വി.സി.യെ മാറ്റാൻ ഹൈക്കോടതി നി‌ർദേശമില്ല. ആരിൽ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും, സർക്കാർ തടസ ഹർജി നൽകിയത് അവരുടെ കാര്യമാണെന്നും ഗവർണർ പ്രതികരിച്ചു.