അവിഹിത സ്വത്ത് സമ്പാദിച്ച പൊലീസുകാർക്ക് പൂട്ടുവീഴും , ബിനാമികളെയും വിജിലൻസ് കണ്ടെത്തും 

Friday 24 February 2023 12:08 AM IST

തിരുവനന്തപുരം: കാക്കിയെ മറയാക്കി ബിനാമി പേരിലടക്കം വൻതോതിൽ അവിഹിത സമ്പത്തുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കി. ഡിവൈ.എസ്.പിമാരടക്കം 34പേരെ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഫോൺരേഖകളടക്കം പരിശോധിച്ച് ബിനാമികൾ ആരൊക്കെയാണെന്നും കണ്ടെത്തും. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ, സ്വർണനിക്ഷേപം അടക്കം പരിശോധിക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം 'കേരളകൗമുദി"യോട് പറഞ്ഞു.

വമ്പൻ ഭൂമിയിടപാടുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇടനിലക്കാരായി പൊലീസുദ്യോഗസ്ഥർ പണം തട്ടുന്നുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. മോഷണക്കേസുകളടക്കം ഒതുക്കിതീർത്ത് പണമുണ്ടാക്കിയെന്ന പരാതികളുമുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികളായവരും ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരുമായ പൊലീസുകാരുടെ ആസ്തികളാണ് ആദ്യം പരിശോധിക്കുന്നത്. വാങ്ങിക്കൂട്ടിയ വീടുകളും വസ്തുക്കളും കണ്ടെത്താൻ റവന്യു അടക്കമുള്ള വകുപ്പുകളുടെ സഹകരണം തേടും.

ബിനാമി നിക്ഷേപം കണ്ടെത്തുക ശ്രമകരമായതിനാലാണ് ഫോൺ വിവരങ്ങളടക്കം പരിശോധിച്ചുള്ള അന്വേഷണം. വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ ഉൾപ്പെടെ പത്തുവർഷത്തെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി രേഖകളും സ്വത്തുവിവരവും പരിശോധിക്കും. അനധികൃത സ്വത്തുണ്ടാക്കിയതിന് ഇടുക്കി മുൻ ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ വീട്ടിൽ 2021നവംബറിൽ റെയ്ഡ് നടത്തി ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ലോക്കറുകൾ മുദ്രവച്ചു. 57 ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തിരുന്നു.

സസ്പെൻഷൻ. ക്രിമിനൽ കേസ്

വരവിൽ കവിഞ്ഞ് സ്വത്ത് കണ്ടെത്തിയാൽ സസ്പെൻഡ്

ചെയ്യാനും വിജിലൻസ് കേസെടുക്കാനും തീരുമാനം

ഗുണ്ടകളുമായി ചേർന്ന് കേസുകൾ ഒതുക്കി

പണമുണ്ടാക്കിയെങ്കിൽ ക്രിമിനൽ കേസെടുക്കും

കുഴപ്പക്കാരാണെന്ന് സംശയമുള്ളവരെ ക്രമസമാധാന

ചുമതലയിൽ നിന്നൊഴിവാക്കി അപ്രധാന തസ്തികയിലേക്ക് മാറ്റും

''അല്പം സമയമെടുത്താലും വിശദമായ അന്വേഷണത്തിലൂടെ പൊലീസിലെ അഴിമതിക്കാരെ പിടികൂടും.

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി

Advertisement
Advertisement