സയ്യിദ് അക്തർ മിർസ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

Friday 24 February 2023 12:10 AM IST

തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്തർ മിർസയെ നിയമിച്ചു. അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലേക്കാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ കൂടിയായ മിർസയുടെ നിയമനം. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ ഒപ്പമുണ്ടായിരുന്നു. അടൂരിന്റെ ആരാധകനും ഉറ്റ സുഹൃത്തുമാണ് താനെന്ന് സയ്യിദ് അക്തർ മിർസ പറഞ്ഞു. കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 സയ്യിദ് അക്തർ മിർസ

അവിജിത്ത് ഘോഷിന്റെ 40 റീടേക്ക്സ് നോവലിനെ ആസ്പദമാക്കി 1995ൽ സയ്യിദ് മിർസ ഒരുക്കിയ 'നസീം" അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. പ്രശസ്ത തിരക്കഥാകൃത്ത് അക്തർ മിർസയുടെ മകനായി മുംബയിൽ ജനിച്ച സയ്യിദ് 1976ൽ ഡോക്യുമന്ററി സംവിധായകനായാണ് തുടങ്ങിയത്. 1978ൽ ഒരുക്കിയ 'അരവിന്ദ് ദേസായി കി അജീബ് ദസ്താൻ"ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് നേടി. 2009ൽ ഒരുക്കിയ 'എക് തോ ചാൻസ്" ആ വർഷത്തെ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചിരുന്നു. 2008ൽ ആദ്യ പുസ്തകം 'അമ്മി: ലെറ്റർ ടു എ ഡെമോക്രാറ്റിക് മദർ" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സഹോദരൻ അസീസ് മിർസ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. ഭാര്യ: ജെന്നിഫർ. മക്കൾ: സഫ്ദർ, സാഹിർ.

Advertisement
Advertisement