ജനകീയ പദ്ധതികളുടെ തലപ്പാവുമായി സാം കെ.ഡാനിയേലിന്റെ പടിയിറക്കം
കൊല്ലം: ചിരുങ്ങിയ കാലത്തിനുള്ളിൽ സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ ജനകീയ പദ്ധതികൾ നടപ്പാക്കിയാണ് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി കൂടിയായ സാം.കെ ഡാനിയേൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.
അദ്ധ്യക്ഷനായിരിക്കെയുള്ള ആദ്യവർഷം സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി. ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വീണ്ടും ജില്ലാ പഞ്ചായത്തിന്റെ അലമാരയിലെത്തിച്ചു.
വിവിധ കോഴ്സുകൾ പാസായവർക്ക് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നിന് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും പരിശീലനവും നൽകുന്നതിനൊപ്പം സ്റ്റൈഫന്റും നൽകുന്ന മാലാഖക്കൂട്ടം, സ്കിൽടെക്ക്, പാരാടെക്ക്, എൻട്രി പദ്ധതികൾ സംസ്ഥാനതലത്തിൽ തന്നെ മാതൃകയായി മാറി. ഇങ്ങനെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകിയ തദ്ദേശ സ്ഥാപനമായും കൊല്ലം ജില്ലാ പഞ്ചായത്ത് മാറി. എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ച്, ദി സിറ്റിസൺ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് ഭരണഘടനയുടെ അടിസ്ഥാന വിവരങ്ങൾ എത്തിച്ച് സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയെന്ന ചരിത്രപരമായ പദവിയും കൊല്ലത്തിന് സമ്മാനിച്ചു.
ജില്ലാ ആശുപത്രിയിൽ 5.29 കോടിയുടെ അത്യാധുനിക സിടി സ്കാൻ മെഷീൻ, നഴ്സിംഗ് പഠനം പൂർത്തിയാക്കിയ 200 പേർക്ക് സ്റ്റൈപ്പന്റോടെ പരിശീലനം നൽകുന്ന മാലാഖക്കൂട്ടം, സമാനമായ സ്കിൽടെക്, പാരാടെക്ക് എൻട്രി പദ്ധതികൾ, ജില്ലാ ഭരണകൂടം, കെഎംഎംഎൽ എന്നിവയുടെ സഹകരണത്തോടെ ചവറ ശങ്കരമംഗലം സ്കൂളിൽ 300 ഓക്സിജൻ കിടക്കകളോടെ കൊവിഡ് എസ്.എൽ.ടി.സി തുടങ്ങിവയവ പ്രധാന പദ്ധതികളായിരുന്നു.
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ നിർദ്ധന കുടുംബങ്ങൾക്ക് പശുവിനെയും കിടാരിയെയും പൂർണ സബ്സിഡിയോടെ നൽകുന്ന കൊവിഡാനന്തരം കാമധേനു അതിജീവന പദ്ധതി, വിവിധ വ്യവസായ എസ്റ്റേറ്റുകളുടെ വികസനം. ഓപ്പൺ സ്റ്റേജ്, ഫിറ്റ്നസ് പാർക്ക്, ബ്യൂട്ടിഫിക്കേഷൻ, പുസ്തക കൂട് തുടങ്ങിയവയും നടപ്പാക്കി. ഭിന്നശേഷി സ്കോളർഷിപ്പ് കൈപ്പറ്റുന്ന 2700 വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം, കിടപ്പുരോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്ന ആയുർ പാലിയം പദ്ധതി, കുരിയോട്ടുമല ഹൈടെക് ഡയറി ഫാം, കോട്ടുക്കൽ ജില്ലാ കൃഷി ഫാം എന്നിവിടങ്ങളിൽ ഫാം ടൂറിസവും നടപ്പാക്കി.
പുതിയ അമരക്കാരൻ അടുത്തമാസം
അടുത്തമാസം പകുതിയോടെ ജില്ലാ പഞ്ചായത്തിന്റെ പുതിയ അമരക്കാരൻ ചുമതലയേൽക്കും. നിലവിലെ പ്രസിഡന്റായിരുന്ന സാം കെ.ഡാനിയേൽ മുന്നണി ധാരണ പ്രകാരം ഇന്നലെ രാജിക്കത്ത് കൈമാറി. അടുത്തയാഴ്ച പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നിലവിൽ വരും.
ഇനിയുള്ള രണ്ട് വർഷവും പത്ത് മാസവും സി.പി.എമ്മിനാണ് പ്രസിഡന്റ് സ്ഥാനം. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ വൈസ് പ്രസിഡന്റിനാണ് പ്രസിഡന്റിന്റെ ചുമതല. സി.പി.എമ്മിന്റെ പ്രസിഡന്റ് വരുന്നതിന് പിന്നാലെ നിലവിലെ വൈസ് പ്രസിഡന്റ് രാജിവയ്ക്കും. പിന്നീട് സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം.