യൂത്ത് കോൺ. പ്രവർത്തകരെ ആക്രമിച്ച 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർ കീഴടങ്ങി

Friday 24 February 2023 12:52 AM IST

കൊല്ലം: ചിന്നക്കടയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കീഴടങ്ങി. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ജോനകപ്പുറം മറീന നഗറിൽ ബിലാൽ (27), മേഖലാ കമ്മിറ്റി അംഗം മുണ്ടയ്ക്കൽ തിരുവാതിര നഗർ പുതുവൽ പുരയിടത്തിൽ ഷൈനുദ്ദീൻ (30) എന്നിവരാണ് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങിയത്.

സംഭവത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഉൾപ്പടെ 26 പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മന്ത്രി പി.രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെയാണ് ഡി.വൈ.എഫ്.ഐക്കാർ സംഘം ചേർന്ന് മർദ്ദിച്ചത്. കമ്പിവടി, ഇടിക്കട്ട തുങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം അടക്കമുള്ളവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

കോടതി വളഞ്ഞ് ഡി.വൈ.എഫ്.ഐ

യൂത്ത് കോൺഗ്രസ് പ്രവർത്തരെ മർദ്ദിച്ച കേസിൽ കീഴടങ്ങിയ പ്രതികളെ ഹാജരാക്കിയപ്പോൾ കൊല്ലം രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിൽ നൂറോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടിച്ചുകൂടി. പ്രതികൾക്കെതിരെ വധശ്രമം അനാവശ്യമായി ചുമത്തിയതാണെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. ഇന്ന് വീണ്ടും വാദം കേൾക്കും യൂത്ത് കോൺഗ്രസുകാർക്ക് വേണ്ടി ധീരജ് രവി ഹാജരായി.

പ്രതികളെ ഭയന്ന് പൊലീസ്

കീഴടങ്ങിയവരുമായി പൊലീസ് കോടതിയിലെത്തുമ്പോൾ കേസിലെ മറ്റ് പ്രതികളായ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ സ്ഥലത്തുണ്ടായിരുന്നു. ഇക്കാര്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും തങ്ങൾ കണ്ടില്ലെന്നായിരുന്നു മറുപടി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന സംഘടനാ പരിപാടിയിൽ അടക്കം ജില്ലാ സെക്രട്ടറി അടക്കമുള്ളവർ ഇന്നലെ പരസ്യമായി പങ്കെടുക്കുകയും ചെയ്തു.

പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ മാർച്ച്

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള അക്രമത്തിന് കൂട്ടുനിന്നതിലും പ്രധാന പ്രതികളെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്രിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ പൊലീസ് സ്റ്റേഷന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.

ഗസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച മാർച്ച് ഈസ്റ്റ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞപ്പോഴാണ് പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത്ത് മോഹനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈൻ പള്ളിമുക്ക്, ജില്ലാ ഭാരവാഹികളായ റഫീഖ് കരുവ, ശുഭലാൽ, കബീർ ഞാറക്കൽ, പ്രണവ്, ഷാജഹാൻ പള്ളിത്തോട്ടം, ബാബു, സിദ്ദീഖ്, വിനു എലിമല, ഡിജോ തുടങ്ങിയവർ നേതൃത്വം നൽകി.