ആക്രമണം ചിന്താ ജെറോമിന്റെ ക്വട്ടേഷൻ: യൂത്ത് കോൺഗ്രസ്

Thursday 23 February 2023 11:55 PM IST

കൊല്ലം: യൂത്ത് കമ്മിഷൻ ചെയർ പേഴ്സൺ ചിന്താ ജെറോമിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം അടക്കമുള്ളവർക്കെതിരെ ഡി.വൈ.എഫ്.ഐ ആക്രമണം അഴിച്ചുവിട്ടതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ചിന്തയുടെ റിസോർട്ട് വാസം പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമാണ് ക്രൂര മർദ്ദനം. ചിന്തയുടെ നിർദേശപ്രകാരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം കുറ്റപ്പെടുത്തി. ആക്രമണം നടന്ന ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും ചിന്തയും മറ്റ് രണ്ടുപേരും ചേർന്ന് ഓഫീസിലിരുന്ന് പാട്ടുപാടുന്ന വീഡിയോ ഉണ്ട്. ഇതിൽ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ആക്രമണ സമയത്തും ധരിച്ചിരുന്നത്.

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അടക്കമുള്ള പൊലീസുകാരുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത്ത് മോഹൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.