മുഖ്യമന്ത്രി ഒന്നും അറിയിക്കുന്നില്ല, വിവാദ ബില്ലിൽ ഗവർണർ ഒപ്പിടില്ല, 5 മന്ത്രിമാർ കണ്ടു,​ 3 ബില്ലിൽ ഒപ്പിട്ടേക്കും

Friday 24 February 2023 12:00 AM IST

തിരുവനന്തപുരം: മഞ്ഞുരുകുമെന്ന പ്രതീക്ഷയിൽ അഞ്ച് മന്ത്രിമാർ രാജ്ഭവനിൽ ചെന്ന് കണ്ടെങ്കിലും വിവാദമായ ലോകായുക്ത, സർവകലാശാലാ ബില്ലുകളിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് ഗവർണർ. കൂടുതൽ വിശദീകരണം സർക്കാരിൽ നിന്നുതേടും.

അതേസമയം, മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, സഹകരണസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി എന്നീ ബില്ലുകളിൽ ഒപ്പിടാനുള്ള സന്നദ്ധതയും ഗവർണർ അറിയിച്ചു.

നിയമസഭ പാസാക്കിയ 8 ബില്ലുകൾ രാജ്ഭവനിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി കത്തുനൽകിയതിനു പിന്നാലെയാണ് മന്ത്രിമാരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. ഇന്നലെ രാത്രി എട്ടോടെ മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ്, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാൻ, സഹകരണവകുപ്പ് സെക്രട്ടറി മിനിആന്റണി എന്നിവർ രാജ്ഭവനിലെത്തി. എല്ലാവരെയും ഊഷ്മളമായി സ്വീകരിച്ച ഗവർണർ രാത്രി 9.45വരെ അവരുമായി ചർച്ച നടത്തി. മന്ത്രിമാരിൽ നിന്നെല്ലാം വിശദീകരണം തേടിയശേഷം, തന്റെ തീരുമാനം പിന്നീടറിയിക്കാമെന്ന് അവരെ അറിയിച്ചു. അത്താഴവും നൽകിയാണ് മന്ത്രിമാരെ യാത്രയാക്കിയത്.

ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കേണ്ടതു മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും എന്നാൽ അത് നടക്കുന്നില്ലെന്നും പി.രാജീവിനോട് ഗവർണർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത നിറവേറ്റാൻ മന്ത്രിമാരെ അയയ്ക്കുകയല്ല വേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് രാജീവ് മറുപടി നൽകി. വൈസ്ചാൻസലർമാരുടെ നിയമനത്തിലടക്കം സർക്കാരിന്റെ പങ്ക് തള്ളാവുന്നതല്ലെന്നും തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ വി.സിമാരെ സർക്കാരാണ് നിയമിക്കുന്നതെന്നും പി.രാജീവ് വിശദീകരിച്ചു.

ഗുജറാത്തിലെ വി.സിയെ യു.ജി.സി യോഗ്യതയില്ലാത്തതിനാലാണ് സുപ്രീംകോടതി പുറത്താക്കിയത്. ഇവിടെ അതല്ല സ്ഥിതി. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമ്മാണത്തിന് തുല്യാധികാരമുള്ള കൺകറന്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസമെന്നടക്കം നിയമവശങ്ങളും രാജീവ് വിശദീകരിച്ചു. വാഴ്സിറ്റികളുടെ സ്വയംഭരണം ഉറപ്പാക്കേണ്ടത് തന്റെ ചുമതലയാണെന്നായിരുന്നു മറുപടി. ചാൻസലറായി തുടരണമെന്ന് മുഖ്യമന്ത്രി കത്ത് നൽകിയിട്ടുള്ളതാണെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

സർവകലാശാലാ നിയമഭേദഗതി ബില്ലുകളിലും കാലിക്കറ്റ് വാഴ്സിറ്റിയിൽ താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ സഭയിലവതരിപ്പിക്കാനും അനുമതി നൽകണമെന്ന് മന്ത്രി ബിന്ദു അഭ്യർത്ഥിച്ചു. സിൻഡിക്കേറ്റ്, സെനറ്റ് കാലാവധി കഴിയുന്നത് നേരത്തേ അറിഞ്ഞിരുന്നില്ലേ എന്നായിരുന്നു ഗവർണറുടെ മറുചോദ്യം. തിരഞ്ഞെടുപ്പിന് നടപടി തുടങ്ങിയെന്നും ഇത് ദൈർഘ്യമേറിയതാണെന്നും പറഞ്ഞെങ്കിലും ഗവർണർ അംഗീകരിച്ചില്ല. ബിൽ സഭയിൽ കൊണ്ടുവരാൻ അനുമതി നൽകിയേക്കില്ല.

അതേസമയം, ജെ.ചിഞ്ചുറാണി, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ എന്നിവരുടെ അഭ്യർത്ഥന പ്രകാരം 3 ബില്ലുകളിൽ ഒപ്പിടുന്നത് പരിഗണിക്കാമെന്ന് ഗവർണർ അറിയിച്ചു. വഖഫ് ബില്ലിൽ നിയമപ്രശ്നമില്ലെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥരും പറഞ്ഞു.

ഇന്ന് രാവിലെ കൊല്ലം പോരുവഴി മലനട ക്ഷേത്രത്തിൽ പോവുന്ന ഗവർണർ ഉച്ചയ്ക്കുശേഷം രാജ്ഭവനിൽ തിരിച്ചെത്തി വൈകിട്ട് ഹൈദരാബാദിലേക്ക് പോവും. മാർച്ചിലേ തിരിച്ചെത്തൂ.

വിമാനത്താവളത്തിൽ പറഞ്ഞത്

 ബില്ലുകളിൽ വ്യക്തവരാതെ ഒപ്പിടില്ല. മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും

ഗവർണർക്ക് ഭരണഘടനാപരമായേ പ്രവർത്തിക്കാനാവൂ. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ബാദ്ധ്യതയുണ്ട്

 സ്വയം വിധികർത്തക്കാളാകാൻ ആർക്കും കഴിയില്ല. സർക്കാറിനെതിരെരായ പരാതി

അന്വേഷിക്കേണോയെന്ന് സർക്കാരല്ല തീരുമാനിക്കേണ്ടത്

Advertisement
Advertisement