പോങ്ങാറതുണ്ടിലേത് അപകടക്കുളങ്ങൾ ; ആശ്രയിക്കാതെ തരമില്ല

Friday 24 February 2023 12:33 AM IST
ഇരുമ്പനങ്ങാട് പോങ്ങാറ തുണ്ടിലെ വിശാലമായ പാറക്കുളം.

എഴുകോൺ : അപകടക്കെണിയാണെന്നറിഞ്ഞിട്ടും ഇരുമ്പനങ്ങാട് പോങ്ങാറ തുണ്ടിലെ പാറക്കുളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായതാണ് കാരണം.

കഴിഞ്ഞ ദിവസം ഇവിടെ അപകടത്തിൽപ്പെട്ട അമ്മയെയും മകളെയും പരിസരവാസിയായ സന്ധ്യ രക്ഷപ്പെടുത്തിയിരുന്നു.

കുടിവെള്ള ക്ഷാമം രൂക്ഷം

പാറ അഗാധമായി ഖനനം ചെയ്തതിനെ തുടർന്നാണ് ഇവിടം വെള്ളക്കെട്ടായത്. വേനലെന്നോ മഴയെന്നോ ഭേദമില്ലാതെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശവാസികൾക്ക് ഒരു തരത്തിൽ അനുഗ്രഹമാണ് ഈ പാറക്കുളങ്ങൾ. തുണി നനയ്ക്കാനും മറ്റും ഉപകാരപ്പെടുന്ന ഇവിടം പക്ഷേ സുരക്ഷിതമല്ലെന്നതിന് നിരവധി സംഭവങ്ങളുണ്ട്. ഇവിടെ വീണ് ജീവൻ പൊലിഞ്ഞവർ അനവധിയാണ്. നിരവധി പേരെ തലനാരിഴയ്ക്ക് പരിസരത്തുള്ളവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരിൽ പഴയ തലമുറയിൽപ്പെട്ട ഒട്ടുമിക്ക ആളുകൾക്കും സ്ത്രീ പുരുഷ ഭേദമന്യേ നീന്തൽ വശമുണ്ട്. എന്നാൽ യുവതലമുറയിൽ പെട്ടവരിൽ നീന്തൽ അറിയാവുന്നവർ കുറവാണ്.

കടവ് സുരക്ഷിതമാക്കണം

ഉയർന്ന പ്രദേശമായ ഇവിടെ കിണറ് കുത്തിയാലും വെള്ളം കിട്ടാറില്ല. പ്രാദേശിക കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ആവശ്യത്തിന് ഉപകാരപ്പെടാറില്ല. എല്ലാ വീടുകളിലും ടാപ്പുകൾ ഉണ്ടെങ്കിലും ആഴ്ചയിലൊരിക്കലാണ് വെള്ളം കിട്ടുന്നത്. ഈ സാഹചര്യത്തിൽ അപകട ഭീഷണി അവഗണിച്ചും പാറക്കെട്ടിലെ ജലസ്രോതസിനെ ആശ്രയിച്ചേ മതിയാകൂ. സുരക്ഷിതമായ കടവുകൾ സജ്ജീകരിക്കുക എന്നതാണ് അപകടം ഒഴിവാക്കാനുള്ള പോംവഴി.