27ന് ചോദ്യം ചെയ്യും, ശിവശങ്കറിന് പിന്നാലെ രവീന്ദ്രനെ വിളിച്ച് ഇ.ഡി

Friday 24 February 2023 12:34 AM IST

കൊച്ചി: അന്വേഷണം ഉന്നതരിലേക്ക് നീളുമെന്ന സൂചന നൽകി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. 27ന് രാവിലെ 10ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഒമ്പത് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് രവീന്ദ്രനെ വിളിച്ചതെന്ന പ്രത്യേകതയുമുണ്ട്. കേസിൽ ഉന്നതരുടെ ബന്ധം സംബന്ധിച്ച് ഇ.ഡിക്ക് സൂചന ലഭിച്ചതുകൊണ്ടാണ് രവീന്ദ്രനെയും ഉടൻ ചോദ്യം ചെയ്യുന്നതെന്നാണ് വിലയിരുത്തൽ. സി.എം. രവീന്ദ്രനും സ്വപ്ന സുരേഷും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഇ.ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വപ്നയുമായുണ്ടായിരുന്ന അടുപ്പം, ലൈഫ് മിഷൻ ഇടപാടിൽ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടും. അതേസമയം, കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 2020 ഡിസംബറിൽ സി.എം. രവീന്ദ്രനെ ഇ.ഡി കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. നാലുതവണ നോട്ടീസ് ലഭിച്ച ശേഷമാണ് അദ്ദേഹം ഹാജരായത്.