ട്രഷറി കാലി പക്ഷേ, യുവജന കമ്മിഷന് പണം വാരിക്കോരി

Friday 24 February 2023 12:41 AM IST

 18 ലക്ഷം കൂടി അധികം അനുവദിച്ചു

 ബഡ്ജറ്റ് വിഹിതത്തേക്കാൾ 27 കോടി അധികം

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെയർപേഴ്സൺ ചിന്താ ജറോമിന്റെ ആവശ്യപ്രകാരം യുവജന ക്ഷേമകമ്മിഷന് 18 ലക്ഷം അധിക തുക കൂടി അനുവദിച്ച് സർക്കാർ.

76.06 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷത്തേക്ക് കമ്മിഷന് ബഡ്ജറ്റ് വകയിരുത്തൽ. ഇതിനു പുറമേ കഴിഞ്ഞ മാസം 9 ലക്ഷവും അനുവദിച്ചിരുന്നു. ഇപ്പോഴത്തെ 18 ലക്ഷം കൂടിയായപ്പോൾ തുക ഒരു കോടി മൂന്നു ലക്ഷത്തിലധികമായി.

കഴിഞ്ഞ മാസം കിട്ടിയ 9 ലക്ഷത്തിൽ 5,5000 രൂപയേ നീക്കിയിരുപ്പുള്ളൂവെന്നും മാർച്ചിലെ ചെലവിന് 26ലക്ഷം കൂടി അനുവദിക്കണമെന്നും ചിന്താജറോം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 18 ലക്ഷം ഉടൻ അനുവദിച്ചത്.

സാമ്പത്തിക വർഷാവസാനമായതിനാൽ ട്രഷറിയിൽ പത്തു ലക്ഷത്തിന് മേലുള്ള തുക പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടേണ്ട സാഹചര്യമാണ്. കഴിഞ്ഞ മൂന്ന് മാസമായി ക്ഷേമ പെൻഷനും നൽകിയിട്ടില്ല. മാസങ്ങളായി ശമ്പളകുടിശിക കിട്ടാതെ സാക്ഷരതാ പ്രേരക് ജീവനൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് യുവജന കമ്മിഷന് വാരിക്കോരി നൽകിയത്.

ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആർജിതാവധി സറണ്ടർ, പ്രോവിഡന്റ് ഫണ്ട് ലോൺ, യാത്രാബത്ത എന്നിവയ്ക്കാണ് കമ്മിഷൻ തുക വിനിയോഗിക്കുന്നത്.