ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറു വയസ് - കൂടിയാലോചിച്ച ശേഷം നടപ്പാക്കും: മന്ത്രി ശിവൻകുട്ടി

Friday 24 February 2023 12:50 AM IST

തിരുവനന്തപുരം: ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറു വയസ് നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാർ നിർദ്ദേശം കൂടിയാലോചിച്ച ശേഷം മാത്രം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രനിർദ്ദേശം പാടേ തള്ളിക്കളയുന്നില്ല. ഇതിൽ വിശദമായ പഠനം വേണ്ടിവരും. കേരളത്തിൽ നിലവിൽ അഞ്ചുവയസിലാണ് കുട്ടികളെ സ്‌കൂളിൽ ചേർക്കുന്നത്. കേരളത്തിലെ അവസ്ഥ വച്ച് കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാനാവില്ല. ഇക്കാര്യത്തിൽ വിദഗ്ദ്ധരുമായും അദ്ധ്യാപക സംഘടനകളുമായും ചർച്ച നടത്തണം. സംസ്ഥാനത്തെ പല സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും സി.ബി.എസ്.ഇ സ്‌കൂളുകളിലും അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ അഞ്ച് വയസ് പ്രായപ‌രിധി കണക്കാക്കി ആരംഭിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് തികയണമെന്ന വ്യവസ്ഥ നിർബന്ധമാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. കേന്ദ്രത്തിൽ നിന്ന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു മുതൽ ആറു വയസുവരെ പ്രീപ്രൈമറി വിദ്യാഭ്യാസം, ആറാം വയസ്സിൽ ഒന്നാം ക്ലാസ് എന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നിർദ്ദേശം നടപ്പിലാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ഇപ്പോഴും വിട്ടുനിൽക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ പറയുന്നു.