ശമ്പളം വർദ്ധിപ്പിച്ചു, സമരം നിറുത്തി സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്

Friday 24 February 2023 1:16 AM IST

തിരുവനന്തപുരം: കഴിഞ്ഞ 37 ദിവസമായി സംസ്ഥാനത്തെ കലാ- കായിക പ്രവൃത്തി പരിചയം സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ ശമ്പള വർദ്ധനവിനും ജോലിസ്ഥിരതയ്ക്കുമായി നടത്തിവന്ന സമരം മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്കുള്ള വേതനം 10,000ൽ നിന്ന് 13,400 രൂപയായി വർദ്ധിപ്പിക്കാനും 12 ശതമാനം (1608 രൂപ) ഇ.പി.എഫ് ആയി നൽകാനും ധാരണയായി. മൂന്നുമാസത്തെ മുൻകാല പ്രാബല്യത്തോടെയാണ് തുക അനുവദിക്കുക. അതനുസരിച്ചുള്ള കുടിശിക ഉടൻ വിതരണം ചെയ്യും. സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് മൂന്നു മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സമഗ്ര ശിക്ഷാകേരളം ഡയറക്ടർ ഡോ. സുപ്രിയ, സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രതീഷ് എൻ, സംസ്ഥാന പ്രസിഡന്റ് ദാസ് പി. തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിനു മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുമെന്ന് അസോസിയേഷൻ സെക്രട്ടറി രതീഷ് പറഞ്ഞു.

 യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ

. സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്ക് പാർട്ട്ടൈം ജീവനക്കാർക്ക് അനുവദനീയമായ ലീവും ആനുകൂല്യങ്ങളും നൽകും

. ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കണം

. മാസത്തിൽ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബി.ആർ.സികളിൽ പ്ലാൻ മീറ്റിംഗിൽ പങ്കെടുക്കണം.

.