ടോറസ് ലോറി ഇറച്ചിക്കടയിൽ പാഞ്ഞു കയറി, 3പേർക്ക് പരിക്ക്

Friday 24 February 2023 1:28 AM IST

പുനലൂർ: തമിഴ്നാട്ടിൽ കൊല്ലം-തിരുമംഗലം ദേശീയ പാതയിലൂടെ കടന്ന് വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇറച്ചിക്കടയിൽ ഇടിച്ചുകയറി 3 പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 8.15 ഓടെ ദേശീയ പാതയിലെ ഉറുകുന്ന് ലൂർദ്മാത പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പാറപ്പൊടി കയറ്റിയെത്തിയ ടോറസ് ലോറി പാതയോരത്ത് നിന്ന വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്തുകൊണ്ടാണ് ഇരുമ്പ് ഷീറ്റ് മേഞ്ഞ ഇറച്ചിക്കടയിൽ കയറിയത്. കട ഉടമ ഉണ്ണിയും ഇറച്ചി വാങ്ങാനെത്തിയ മറ്റ് രണ്ടുപേർക്കുമാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവ സമയത്ത് കട ഉടമ ഇറച്ചിക്കടക്കുള്ളിൽ ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വൈദ്യുതി പോസ്റ്റിൽ വാഹനം ഇടിച്ച് കയറുന്നതിനിടെ ബ്രേക്ക് ചവുട്ടിയെങ്കിലും ടോറസ് പാഞ്ഞു കയറി കട പൂർണമായും നിലം പൊത്തുകയായിരുന്നു. സംഭവം കണ്ട സമീപ വാസികൾ ഓടിക്കൂടി എല്ലാവരെയും രക്ഷപ്പെടുത്തി ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. തെന്മല പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.