അശ്രാമം- മങ്ങാട് ലിങ്ക് റോഡിന്റെ അലൈൻമെന്റിൽ ചർച്ച

Friday 24 February 2023 1:33 AM IST

കൊല്ലം: ആശ്രാമത്ത് നിന്ന് തുടങ്ങി മങ്ങാട് അവസാനിക്കുന്ന തരത്തിലുള്ള നിർദ്ദിഷ്ട ലിങ്ക് റോഡിന്റെ അലൈൻമെന്റ് ഇന്നലെ ടൗൺ പ്ലാനിംഗ് വിഭാഗം കോർപ്പറേഷൻ ഓഫീസിൽ നടന്ന ച‌ർച്ചയിൽ അവതരിപ്പിച്ചു. എത്രയും വേഗം ലിങ്ക് റോഡിന്റെ രൂപരേഖ തയ്യാറാക്കാൻ മേയർ ടൗൺ പ്ലാനിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി. ലിങ്ക് റോഡ് അവസാനിക്കുന്ന ഭാഗത്ത് മങ്ങാട് അടിപ്പാത വേണമെന്ന ആവശ്യവും ടൗൺ പ്ലാനിംഗ് വിഭാഗവും കോർപ്പറേഷനും മുന്നോട്ട് വയ്ക്കും. ജില്ലാ ടൗൺ പ്ലാനർ എം.വി.ഷാരി, അർബൻ പ്ലാനർ വിഷ്ണു എന്നിവർ ചേർന്നാണ് അലൈൻമെന്റ് അവതരിപ്പിച്ചത്. മേയർക്ക് പുറമേ ഡെപ്യൂട്ടി മേയറും സ്ഥിരം സമിതി അദ്ധ്യക്ഷരും എൻജിനീറിംഗ് വിഭാഗം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ആറുവരിപ്പാതയിൽ മങ്ങാട് അടിപ്പാത അനുവദിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് നഗരസഭ പഴയ പദ്ധതി ഇപ്പോൾ വീണ്ടും സജീവമാക്കി നടപ്പാക്കാൻ ശ്രമിക്കുന്നത്.