വാർഷിക പരീക്ഷ: ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ നിർദ്ദേശം

Friday 24 February 2023 1:48 AM IST

തിരുവനന്തപുരം: സ്കൂളുകളിലെ വാർഷിക പരീക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ

അടിയന്തരമായി വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിൽ നിർദ്ദേശം നൽകി. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഫയലുകൾ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധന മേലുദ്യോഗസ്ഥർ നടത്തണം. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനാംഗീകാരങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയിൽ നടപടി പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം.

പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും സ്‌കൂളുകളിലും ലാൻഡ്‌ഫോൺ സൗകര്യം വേണം. ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, അഡീഷണൽ ഡയറക്ടർ (അക്കാഡമിക്) എം.കെ ഷൈൻമോൻ, വി.എച്ച്.എസ്.ഇ ഉപ ഡയറക്ടർ അനിൽകുമാർ, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ (അക്കാഡമിക്) സുരേഷ്‌കുമാർ, അഡീഷണൽ ഡയറക്ടർ (ജനറൽ) സി.എ സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു. കാസർകോട് മുതൽ എറണാകുളം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം എറണാകുളത്ത് ചേർന്നിരുന്നു.