മർക്രം ഹൈദരാബാദ് ക്യാപ്ടൻ

Friday 24 February 2023 5:17 AM IST

ഹൈദരാബാദ്: ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ നായകനായി ദക്ഷിണാഫ്രിക്കൻ ബാറ്റ‌ർ എയ്ഡൻ മർക്രത്തെ നിയമിച്ചു. തങ്ങളുടെ സോഷ്യൽമീഡിയാഅക്കൗണ്ടുകളിലൂടെയാണ് സൺറൈസേഴ്സ് ടീം പുതിയ നായകനെ പ്രഖ്യാപിച്ചത്. കഴിഞ്ഞയിടെ അവസാനിച്ച പ്രഥമ ദക്ഷിണാഫ്രിക്കൻ ട്വന്റി- 20 ലീഗിൽ സൺറൈസേഴ്സ് മാനേജ്‌മെന്റിന്റെ ടീമായ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് മർക്രത്തിന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻമാരായത്. ആ നേതൃമികവാണ് ഐ.പി.എല്ലിലും തങ്ങളുടെ ടീമിന്റെ നായക സ്ഥാനം മർക്രത്തെ ഏൽപ്പിക്കാൻ സൺറൈസേഴ്സ് മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. ഓൾറൗണ്ട് പ്രകടനവുമായി ഈസ്റ്രേൺ കേപ്പിനെ മുന്നിൽ നിന്ന് നയിച്ച മർക്രം 365 റൺസും 11 വിക്കറ്റും സ്വന്തമാക്കി പ്ലെയർ ഓഫ് ദ ടൂർണമെന്റുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണോടെ റിലീസ് ചെയ്യപ്പെട്ട ന്യൂസിലൻ‌ഡ് താരം കേൻ വില്യംസണിന്റെ പിൻഗാമിയായാണ് 28കാരനായ മർക്രം സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്ടനാകുന്നത്.