അഞ്ചടിയകലെ ഇടറി വീണു

Friday 24 February 2023 5:30 AM IST

വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യ സെമിയിൽ തോറ്രു

ഓസ്ട്രേലിയയോട് തോറ്റത് 5 റൺസിന്

കേപ്ടൗൺ: ഇന്ത്യൻ വനിതകൾക്ക് മുന്നിൽ ഒരിക്കൽക്കൂടി ഓസീസ് ബാലികേറാമലയായി. ട്വന്റി-20 വനിതാ ലോകകപ്പിൽ ഇന്നലെ നടന്ന സെമിയിൽ ഓസ്ട്രേലിയക്കെതിരെ പൊരുതിനോക്കിയെങ്കിലും ഇന്ത്യൻ പെൺപട അഞ്ച് റൺസകലെ ഇടറി വീണു. ആദ്യം ബാറ്ര് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് ഫൈനലിലും കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും ഓസീസിനോട് തോറ്റ ഇന്ത്യയുട വിധിയിൽ ഇന്നലേയും മാറ്രമുണ്ടായില്ല. ഫീൽഡിംഗിനിടെ കൈവിട്ട അഞ്ചോളം ക്യാച്ചുകൾ ഇന്ത്യൻ തോൽവിയിൽ നിർണായകമായി. ഓസീസ് ഉയ‌ർത്തിയ മികച്ച വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ഷെഫാലി വർമ്മയുടേയും (9), സ്മൃതി മന്ഥനയുടേയും (2), യസ്തിക ഭാട്ടിയയുടേയും (4) വിക്കറ്രുകൾ വേഗം നഷ്ടപ്പെട്ട് 28/3 എന്ന നിലയിലായെങ്കിലും, അവിടെവച്ച് ഒന്നിച്ച ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറും (34 പന്തിൽ 52), ജമീമ റോഡ്രിഗസും (24 പന്തിൽ 43) പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 41 പന്തിൽ 69 റൺസ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകി. ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറിൽ ഡാർസി ബ്രൗണിന്റെ ബൗൺസറിന് അനാവശ്യമായി ബാറ്ര് വച്ച് ഹീലിക്ക് ക്യാച്ച് നൽകി ജമീമ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടർന്ന് റിച്ചാ ഘോഷിനൊപ്പം സ്കോർ ഉയർത്തുന്നതിനിടെ ഹർമ്മൻ അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ അഞ്ച് റൺസകലെ ഇന്ത്യൻ വെല്ലുവിളി അവസാനിച്ചു.റിച്ചാ ഘോഷ് (14), സ്നേഹ റാണ (11), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്രർമാർ. ദീപ്തി ശ‌ർമ്മ (20), ശിഖാ പാണ്ഡെ (1) എന്നിവർ പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി ഗാർഡ്നറും ബ്രൗണും മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ അലിസ ഹീലിയും (24)​ ബെത്ത് മൂണിയും (37 പന്തിൽ 54)​ മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നൽകിയത്. രേണുക താക്കൂർ എറിഞ്ഞ ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ ഫോറടിച്ചുകൊണ്ടാണ് ഹീലി തുടങ്ങിയത്. പവർപ്ലേയിൽ വിക്കറ്റ് പോകാതെ കാത്ത മൂണിയും ഹീലിയും 7.3 ഓവറിൽ 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാധാ യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. രാധയെ ക്രീസിൽ നിന്ന് ഇറങ്ങി അടിക്കാൻ ശ്രമിച്ച ഹീലിയെ വിക്കറ്റ് കീപ്പർ റിച്ചാഘോഷ് സ്റ്റമ്പ് ചെയ്തു. തുടർന്നെത്തിയ മെഗ് ലാന്നിംഗിനൊപ്പം മൂണി ഓസീസ് സ്കോർ മുന്നോട്ടു കൊണ്ടുപോയി. അർദ്ധ സെ‍ഞ്ച്വറി തികച്ചിന് പിന്നാലെ മൂണിയെ ഷഫാലിയുടെ കൈയിൽ എത്തിച്ച് ശിഖ കൂട്ടകെട്ട് പൊളിച്ചു. മൂണിക്ക് പകരമത്തിയ ആഷ്ലെ‌യ്ഗ് ഗാർഡ്നർ (18 പന്തിൽ 31)​ ഓസ്ട്രേലിയൻ സ്കോറിഗ് വേഗത്തിലാക്കി. മൂന്നാം വിക്കറ്റിൽ ഇരുവരും 33 പന്തിൽ 56 റൺസ് കൂട്ടിച്ചേർത്തു. 18-ാം ഓവറിലെ അവസാന പന്തിൽ ഗാർഡ്നറെ ക്ലീൻബൗൾഡാക്കി ദീപ്തി ശർമ്മ കൂട്ടുകെട്ടുപൊളിക്കുമ്പോൾ 141/3 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ഗ്രേസ് ഹാരിസിനെ (7)​ ശിഖ ബൗൾഡാക്കി. എല്ലിസ് പെറി (2)​ ലാന്നിംഗിനൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും.

Advertisement
Advertisement