സാങ്കേതിക തകരാർ; കരിപ്പൂർ - ദമ്മാം എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി

Friday 24 February 2023 11:52 AM IST

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദമ്മാമിലേയ്ക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കി. ഐ എക്സ് 385 എന്ന വിമാനമാണ് രണ്ടര മണിക്കൂറിന് ശേഷം അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടായെന്ന സംശയത്തെ തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗിന് നടത്താൻ തീരുമാനിച്ചത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയതായി സംശയം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയമുണ്ടായത്. വിമാനത്തിൽ 183 യാത്രക്കാരാണുണ്ടായിരുന്നത്.