പലതവണ പറന്നിട്ടും ഇന്ധനം തീരാതായതോടെ അറബിക്കടലിൽ ഒഴുക്കി, എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരിച്ചിറക്കിയത് ഇങ്ങനെ

Friday 24 February 2023 3:11 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചു. ഇതേ വിമാനം തന്നെ ദമാമിലേയ്ക്ക് പോകുമെന്നാണ് വിവരം. മറ്റൊരു പൈലറ്റാകും വിമാനം പറത്തുക. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 9.45ന് ദമാമിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 385 ആണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കിയത്.

176 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ലാൻഡിംഗ് നടത്തിയത്. ഇതിനായി കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് എട്ട് തവണയുമാണ് ചുറ്റിപ്പറന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന്, കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാന്‍ഡിംഗിന് തയ്യാറെടുത്തത്. ഈ സമയം എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാന്‍ഡിംഗും നിര്‍ത്തിവച്ചിരുന്നു.

വിമാനത്തിലെ യാത്രക്കാരെ ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റി. വിമാനം റൺവേയിൽനിന്ന് മാറ്റി. രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഒഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു.

ആദ്യം ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്നത് 11.03നാണ്. ഇതു സാദ്ധ്യമായില്ല. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിംഗിന് കഴിയാത്തതിനാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിംഗ് നിശ്ചയിക്കുകയുമായിരുന്നു.

Advertisement
Advertisement