വിഴിഞ്ഞം തുറമുഖം: ഹഡ്‌കോ വായ്‌പയിൽ ആശയക്കുഴപ്പം

Saturday 25 February 2023 2:21 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന് സംസ്ഥാനം നൽകാനുളള 1,850 കോടി രൂപ സർക്കാർ ഫണ്ടിൽ നിന്നുതന്നെ ലഭ്യമാക്കണമെന്ന സമ്മർദ്ദവുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ). ഹഡ്‌കോയിൽ നിന്ന് വായ്‌പയെടുത്ത് ഫണ്ട് ലഭ്യമാക്കാനാണ് സംസ്ഥാന തുറമുഖവകുപ്പ് ശ്രമിക്കുന്നത്.

ഹഡ്‌കോയുടെ വായ്‌പ കിട്ടാൻ കാലതാമസമെടുക്കുമെന്നും അത്രയുംനാൾ കാത്തിരിക്കാനാവില്ലെന്നുമാണ് അദാനി ഗ്രൂപ്പ് അധികൃതർ പറയുന്നത്.

പുലിമുട്ട് നിർമ്മാണത്തിന് 340 കോടി രൂപയാണ് അടിയന്തരമായി അദാനിക്ക് നൽകേണ്ടത്. ഇത് വായ്‌പയായെടുത്ത ശേഷം ബാക്കിപ്പണം ആവശ്യാനുസരണം പിന്നീട് വായ്‌പയെടുക്കാമെന്നും തുറമുഖവകുപ്പ് പറയുന്നു.

ബഡ്‌ജറ്റ് വിഹിതമായാണ് തുറമുഖപദ്ധതിക്ക് സർക്കാർ പണം നൽകിയിരുന്നത്. ഇത് സാമ്പത്തിക ബാദ്ധ്യതയാകുമെന്നതിനാലാണ് വായ്‌പയെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചത്. തിരിച്ചടവിന് സാവകാശം കിട്ടുമെന്നതാണ് നേട്ടം. അദാനിക്ക് നൽകാനുളള പണം കേന്ദ്രസ്ഥാപനമായ ഹഡ്‌കോയിൽ നിന്ന് ധനവകുപ്പിന്റെ അനുമതിയോടെ വായ്‌പയെടുക്കാൻ സർക്കാർ തീരുമാനിച്ചത് നേരത്തെ 'കേരളകൗമുദി" റിപ്പോർട്ട് ചെയ്‌തിരുന്നു.

നീക്കം 5 വർഷം മുമ്പേയും

വിസിലിന് സർക്കാർ ഗാരന്റിയോടെ ഹഡ്കോയിൽ നിന്ന് 2,​700 കോടി രൂപ വായ്പയെടുക്കാൻ 2018ലും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിൽ 1,​460 കോടിരൂപ പുലിമുട്ടിന് വിനിയോഗിക്കാനും 800 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടിനായി നീക്കിവയ്‌ക്കാനുമായിരുന്നു തീരുമാനം.

ശേഷിക്കുന്ന തുക തുറമുഖത്തേക്ക് റെയിൽപ്പാത നിർമ്മിക്കാനും സ്ഥലം ഏറ്റെടുക്കാനും വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,​ ഇക്കാര്യങ്ങളിൽ പുരോഗതിയുണ്ടായില്ല.