മടവൂരിൽ നടന്ന കെ.എൻ.എം നരിക്കുനി ഏരിയാ ആദർശ സമ്മേളനം ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു.
കുന്ദമംഗലം: മതപണ്ഡിതന്മാർക്ക് ശാസ്ത്രബോധമില്ലെങ്കിൽ വിശ്വാസികളെ നയിക്കുക അന്ധവിശ്വാസങ്ങളിലേക്കായിരിക്കുമെന്ന് കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ആത്മീയ ചൂഷണങ്ങൾക്കെതിരെ കെ.എൻ.എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി മടവൂരിൽ സംഘടിപ്പിച്ച നരിക്കുനി ഏരിയാ ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ലേബലിൽ പ്രത്യക്ഷപ്പെടുന്ന പലരും മനുഷ്യർക്കിടയിൽ പ്രചരിപ്പിക്കുന്നത് അശാസ്ത്രീയവും മനുഷ്യത്വ വിരുദ്ധവുമായ കാര്യങ്ങളാണ്. ഇതിനെതിരെ മതവിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളുണ്ടാവണം. എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. പാലത്ത് അബ്ദു റഹിമാൻ മദനി, ശുക്കൂർ സ്വലാഹീ, ഷഫീഖ് അസ്‌ലം, ടി.അബൂബക്കർ നന്മണ്ട, എൻ.അബ്ദുൽ മജീദ്, കെ.ബഷീർ, എം സത്താർ, അഹമ്മദ് കോയ ഹാജി, സി.എം സുബൈർ മദനി എന്നിവർ പ്രസംഗിച്ചു.