ശിവശങ്കർ ഒന്നും മിണ്ടുന്നില്ല, റിമാൻഡ് ചെയ്തു, വീണ്ടും ചോദ്യംചെയ്യേണ്ടിവരുമെന്ന് ഇ.ഡി

Saturday 25 February 2023 4:47 AM IST

കോടതി നടപടികൾ മാദ്ധ്യമങ്ങളെ ഒഴിവാക്കി

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം പിന്നീടു ചോദ്യംചെയ്യേണ്ടിവരുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ വ്യക്തമാക്കി. ശിവശങ്കറിനെ നാലുദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം ഇന്നലെ വൈകിട്ട് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഇക്കാര്യം വിശദീകരിച്ചത്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. തുടർന്ന് കോടതി മാർച്ച് എട്ടുവരെ റിമാൻഡ് ചെയ്തു.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ സി.ബി.ഐ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അടുത്തദിവസം ഹർജി പരിഗണിച്ചേക്കും. അന്വേഷണവുമായി സഹകരിച്ചെന്നും തെളിവുകൾ കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കർ ഹർജിയിൽ വ്യക്തമാക്കി. കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ മാദ്ധ്യമങ്ങളെ കോടതിമുറിയിൽ അനുവദിക്കരുതെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇ.ഡിയുടെ അഭിഭാഷകനും ഇതിനോട് അനുകൂലിച്ചു. തുടർന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ലൈഫ്‌മിഷൻ കോഴക്കേസിൽ മൂന്നുദിവസം ചോദ്യംചെയ്തശേഷം ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റുചെയ്തത്. പിന്നീട് അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങി. ഈ കാലാവധി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയപ്പോൾ നാലുദിവസംകൂടി കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. തുടർന്ന് ഫെബ്രുവരി 20നാണ് നാലുദിവസം കസ്റ്റഡി അനുവദിച്ചത്.