കെ.എസ്.ഇ.ബി പെൻഷൻകാരുടെ ഇൻഷ്വറൻസിൽ 4 കോടി വെട്ടിപ്പ്, ആക്ഷേപം ഭരണാനുകൂല അസോസിയേഷനെതിരെ
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പെൻഷൻകാർക്കായി ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയിൽ നാലുകോടി രൂപയുടെ വെട്ടിപ്പു നടക്കുന്നതായി ആക്ഷേപമുയർന്നു. പെൻഷൻകാരിൽ നിന്ന് പ്രീമിയമായി 20കോടി രൂപ പിരിച്ചെടുത്തശേഷം 16 കോടിയുടെ മാത്രം ആനുകൂല്യം നൽകിയാൽ മതിയെന്ന് ഇൻഷ്വറൻസ് കമ്പനിയുമായി കരാറുണ്ടാക്കിയാണ് തട്ടിപ്പ്.
ഒടുവിൽ അപേക്ഷിക്കുന്നവർക്ക് ആനുകൂല്യം കിട്ടാൻ തടസമാകുന്ന 'സ്റ്റോപ്പ് ലോസ് വ്യവസ്ഥ"കൂടി ഉൾപ്പെടുത്തിയാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയിലെ സി.ഐ.ടി.യു അനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്റെ പെൻഷണേഴ്സ് വിഭാഗമായ കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷനാണ് പെൻഷൻകാർക്കായി ആരോഗ്യ ഗ്രൂപ്പ് ഇൻഷ്വറൻസ് നടപ്പാക്കുന്നത്.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നൽകുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് കെ.എസ്.ഇ.ബിയിലില്ല. സർവ്വീസിലുള്ളവർക്ക് മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് കിട്ടും. പെൻഷൻ ആയാൽ അതില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഗ്രൂപ്പ് ഇൻഷ്വറൻസ് നടപ്പാക്കിയത്. ഇതിന്റെ പ്രീമിയം പെൻഷൻതുകയിൽ നിന്ന് പിടിച്ച് കെ.എസ്.ഇ.ബി അസോസിയേഷന് കൈമാറും. അസോസിയേഷനാണ് നാഷണൽ ഇൻഷ്വറൻസ് കമ്പനിക്ക് പണം അടയ്ക്കുന്നത്.
ഇൻഷ്വറൻസ് കമ്പനിക്ക് നഷ്ടമുണ്ടാകാതിരിക്കാനാണ് 16കോടിരൂപവരെയുള്ള ഇൻഷ്വറൻസ് പരിരക്ഷ നൽകിയാൽ മതിയെന്ന സ്റ്റോപ്പ് ലോസ് വ്യവസ്ഥ വച്ചതെന്നാണ് പറയപ്പെടുന്നത്. ഇതോടെ കൂടുതൽ ഇൻഷ്വറൻസ് ക്ളെയിം വന്നാൽ എല്ലാവർക്കും ആനുകൂല്യം കിട്ടാത്ത സ്ഥിതിയുണ്ടാകും. അതുകൊണ്ടാണ് പദ്ധതിയിൽ കൂടുതൽപേർ ചേരാതെ മാറിനിൽക്കുന്നതെന്നാണ് എതിർപക്ഷ സംഘടനാഭാരവാഹികൾ പറയുന്നത്. രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരും സാമ്പത്തികപിന്നാക്കാവസ്ഥയിലുള്ളവരുമാണ് അസോസിയേഷന്റെ ഇൻഷ്വറൻസിൽ ചേരാൻ നിർബന്ധിതരാകുന്നത്. മാർച്ച് 15നാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ സഹകരണത്തോടെ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ പെൻഷണേഴ്സ് കൂട്ടായ്മ വൈദ്യുതിമന്ത്രിക്കും കെ.എസ്.ഇ.ബി ചെയർമാനും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
തട്ടിപ്പുകണക്ക് ഇങ്ങനെ
-ആകെ പെൻഷൻകാർ 38,000
-ഇൻഷ്വറൻസിൽ ചേർന്നവർ 8369
-ഒരുലക്ഷം ആനുകൂല്യത്തിന് 1165രൂപ
-രണ്ടുലക്ഷം ആനുകൂല്യത്തിന് 2175രൂപ
-8369 പേരിൽനിന്നായി പിരിച്ചെടുക്കുന്നത് 19.80കോടിരൂപ
-ആകെ ആനുകൂല്യം: പരമാവധി 16കോടിരൂപ
ആനുകൂല്യം കിട്ടാതാവം
ആരോഗ്യ ഗ്രൂപ്പ് ഇൻഷ്വറൻസിൽ സ്റ്റോപ്പ് ലോസ് വ്യവസ്ഥ വയ്ക്കാൻ ചട്ടമുണ്ട്. അതിനാൽ പരിധികഴിഞ്ഞ് അപേക്ഷിക്കുന്നവർക്ക് ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിക്കപ്പെടാം. അസാധാരണ സാഹചര്യങ്ങളിൽ ഇൻഷ്വറൻസ് കമ്പനിയുടെ നഷ്ടം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ വ്യവസ്ഥയാണിത്. പ്രീമിയം നിർണ്ണയിക്കുന്നത് ഇതുമായി ബന്ധപ്പെടുത്തിയാണ്. കൊവിഡ്,പ്രളയം,തുടങ്ങിയവ വന്ന സാഹചര്യത്തിൽ മെഡിക്കൽ,ആക്സിഡന്റ് ഇൻഷ്വറൻസുകളിൽ ഈ പ്രവണത വ്യാപകമായിട്ടുണ്ട്.
ജി.എസ്.ടിയെന്ന്
അസോസിയേഷൻ
20കോടിയോളം രൂപ പ്രീമിയമായി പിരിച്ചെടുക്കുന്നുണ്ടെങ്കിലും 16.80കോടിരൂപ മാത്രമാണ് ഇൻഷ്വറൻസ് കമ്പനിക്ക് ലഭിക്കുക. ബാക്കി തുക ജി.എസ്.ടിയാണ്. സ്റ്റോപ്പ് ലോസ് വ്യവസ്ഥ ഇൻഷ്വറൻസ് കരാറിൽ ഉൾപ്പെടുത്തിയത് പ്രീമിയം തുക കുറയ്ക്കാൻവേണ്ടിയാണ്. അഞ്ചുവർഷമായി മറ്റൊരു കമ്പനിയുമായിട്ടായിരുന്നു കരാർ. 13കോടിയിലധികം ക്ളെയിം വന്നിട്ടില്ല. അതുകൊണ്ട് സ്റ്റോപ്പ് ലോസ് വെച്ചാലും ആർക്കും ആനുകൂല്യം കിട്ടാതിരിക്കില്ല.
-ബാലകൃഷ്ണപിള്ള,പെൻഷണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി