പിണറായിയെ റോൾ മോഡലാക്കി മൂന്നാം ക്ലാസുകാരി

Saturday 25 February 2023 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട്ടിലെ മൂന്നാം ക്ലാസുകാരിയുടെ സ്‌നേഹസമ്മാനം. മധുര വേദിക്ക് വിദ്യാശ്രമം സി.ബി.എസ്.ഇ സ്‌കൂളിൽ പഠിക്കുന്ന ആൻഞ്ചലിൻ മിഥുനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 444 രൂപയുടെ ചെക്ക് നൽകിയത്. സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന നൽകിയതിനൊപ്പം മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നുളള കത്തും ആൻഞ്ചലിൻ മിഥുന എഴുതി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ഇടപെടലും കേരളത്തോടുള്ള അർപ്പണ മനോഭാവവും ശ്രദ്ധിക്കാറുണ്ടെന്നും മുഖ്യമന്ത്രിയായ താങ്കളെ റോൾ മോഡലാക്കാനാണ് മാതാപിതാക്കൾ പഠിപ്പിച്ചിരിക്കുന്നതെന്നും ജനങ്ങളെ സേവിക്കാൻ ജില്ലാ കളക്ടർ പദവിയിൽ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ആൻഞ്ചലിൻ മിഥുന കത്തിൽ പറഞ്ഞു. മധുര ഓമച്ചിക്കുളം ന്യൂ നാദം റോഡിലെ ജയഭാരത് ഹോമിലെ ഡോ.വി.എം.വിജയ ശരവണന്റെ മകളാണ് ആഞ്ചലിൻ മിഥുന.