ഡോ.കെ.ജെ.റീന ആരോഗ്യ വകുപ്പ് ഡയറക്ടർ

Saturday 25 February 2023 12:00 AM IST

തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം സ്ഥിരം ഡയറക്ടറെ നിയമിച്ച സർക്കാർ ഉത്തരവായി. അഡീഷണൽ ഡയറക്ടർ ഡോ.കെ.ജെ.റീനയാണ് പുതിയ ഡയറക്ടർ. ഇന്നലെ ഉച്ചയോടെ ഡോ.റീന ചുമതലയേറ്റു. നിലവിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിംഗ് വിഭാഗങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായ സെലക്ഷൻ കമ്മിറ്റി സമർപ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് നിയമനം. കൊവിഡ് മൂർദ്ധന്യത്തിൽ നിൽക്കേ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ഡയറക്ടറായിരുന്ന ആർ.എൽ.സരിത സർവീസിൽ നിന്ന് സ്വയം വിരമിച്ചത്. തുടർന്ന് 2021 മേയ് ഒന്ന് മുതൽ ആരംഭിച്ച ഇൻചാർജ് ഭരണത്തിനാണ് അവസാനമായത്. സ്ഥിരം ഡയറക്ടറില്ലാത്തത് വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായും നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ, സ്ഥിരം ഡയറക്ടറെ കണ്ടെത്താൻ ആരോഗ്യവകുപ്പ് സമിതി രൂപീകരിക്കുകയായിരുന്നു.

27 വർഷത്തെ സർവീസിലെ അനുഭവ സമ്പത്തുമായാണ് തൃശൂർ സ്വദേശി ഡോ.കെ.ജെ.റീന ഡയറക്ടർ സ്ഥാനത്തെത്തുന്നത്. 1996ൽ എറണാകുളം നായരമ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനായി സർവീസിൽ പ്രവേശിച്ച റീന തൃശൂർ ജില്ലാ ടി.ബി ഓഫീസർ, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ,ഡയറക്ടറേറ്റിൽ പൊതുജനാരോഗ്യവിഭാഗം അഡീഷണൽ ഡയറക്ടർ,തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. നാലു വർഷത്തെ സർവീസാണ് ഇനിയുള്ളത്. ഭർത്താവ് പി.കെ.ഗോപിനാഥൻ(എൻജിനിയർ) മക്കൾ: ലക്ഷ്മി (എം.ബി.ബി.എസ് വിദ്യാർത്ഥി) വിശ്വജിത്ത് (വെറ്ററിനറി സയൻസ് വിദ്യാർത്ഥി).