30 ജോടി ഭിന്നശേഷിക്കാർ നാളെ വരണമാല്യമണിയും

Saturday 25 February 2023 12:00 AM IST

ആലപ്പുഴ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ 30 ജോടി വധൂവരന്മാരുടെ വിവാഹം നാളെ രാവിലെ 10ന് ആലപ്പുഴ പാതിരപ്പള്ളി കാമലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കും. അംഗപരിമിതരായ 50 ജോടി വധൂവരൻമാർക്ക് വിവാഹസ്വപ്നം സഫലീകരിക്കുന്ന പരിണയം പദ്ധതിയുടെ ഒന്നാംഘട്ടമായാണ് നാളത്തെ ചടങ്ങ്. വധൂവരൻമാർക്ക് ഒരുപവന്റെ താലിമാലയും വസ്ത്രങ്ങളും 30,000 രൂപയും യോഗ്യരായവർക്ക് തൊഴിലും വീട്ടുപകരണങ്ങളും ആറുമാസത്തേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും നൽകും. മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ.വാസവൻ, എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, കളക്ടർ വി.ആർ.കൃഷ്ണതേജ, നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് എന്നിവർ പങ്കെടുക്കും.