ചക്ക വെട്ടി ചുളയരിയുന്ന തെക്ക് അട്ടാറ
കൊച്ചി: അങ്കമാലി അട്ടാറ തെക്ക് ഗ്രാമത്തിലിപ്പോൾ ചക്കവെട്ടുന്ന കാലമാണ്. റോഡരികിലെ വീടുകളുടെ മുറ്റത്ത് ചക്കവെട്ടി ചുള അരിയുന്നവരെ കാണാം. പ്രായം ചെന്നവരും വീട്ടമ്മമാരും ജോലിത്തിരക്കിലാണ്. വർഷത്തിൽ ആറുമാസം കിട്ടുന്ന ജോലി ഇവർക്ക് അധിക വരുമാനത്തിനുള്ള മാർഗംകൂടിയാണ്.
ചക്ക മൊത്തമായി വാങ്ങി ചുളകൾ വറുത്ത് പായ്‌ക്കറ്റിലാക്കി വിൽക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് അട്ടാറ തെക്ക് ഗ്രാമക്കാർ ചക്കവെട്ടുന്നത്. ചെറിയ ലോറികളിൽ ചക്കകൾ വീടുകളിൽ ഇറക്കിനൽകും. ഒരു വീട്ടിൽ 10 ചക്ക വരെ രാവിലെ എത്തിച്ചുനൽകും.
രാവിലെ വീട്ടുജോലി കഴിഞ്ഞാൽ ചക്കവെട്ട് ആരംഭിക്കും. വെട്ടിയ ചക്കയുടെ ചുളകൾ വേർതിരിക്കലാണ് ആദ്യഘട്ടം. തുടർന്ന് ചക്കക്കുരു നീക്കി പാത്രത്തിൽ സൂക്ഷിക്കും. ഒപ്പം ചുള വറുക്കാനുള്ള വലിപ്പത്തിൽ ചെറുതായി അരിഞ്ഞ് വലിയ പാത്രത്തിൽ സൂക്ഷിക്കും. ചക്കമടൽ സമീപത്തുതന്നെ കൂട്ടിയിടും.
ഉച്ചയോടെ വാഹനങ്ങൾ വീണ്ടുമെത്തും. അരിഞ്ഞ ചക്കച്ചുള ശേഖരിക്കും. ചക്കക്കുരു, വെട്ടിയ ചക്കമടൽ എന്നിവയും വാഹനത്തിൽ കയറ്റി കൊണ്ടുപോകും. ശേഷിക്കുന്ന ചക്കച്ചുളയും മറ്റും വൈകിട്ട് വീണ്ടുമെത്തി ശേഖരിക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ സമീപ ജില്ലകളിൽ നിന്ന് എത്തിക്കുന്നതാണ് ചക്കകൾ. വിളവ് തുടങ്ങിയാൽ നാടൻ ചക്കയുമെത്തും.
വറുക്കാൻ യൂണിറ്റുകൾ
അങ്കമാലി മേഖലയിലെ മൂന്നു സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ചക്കവെട്ടൽ. ചക്കച്ചുള വറുത്ത് മൊത്തമായും ചില്ലറയായും എറണാകുളം, തൃശൂർ ജില്ലകളിൽ ബേക്കറികളിലും കടകളിലും ചന്തകളിലും നൽകുന്നത് ഈ സ്ഥാപനങ്ങളാണ്. വറുക്കലിന് മുമ്പുള്ള ജോലികളാണ് വീടുകളിൽ നൽകുന്നത്. അട്ടാറ തെക്ക് മേഖലയിലെ പതിനഞ്ചോളം വീടുകളിൽ ചക്കവെട്ടൽ നടക്കുന്നുണ്ട്.
ചക്ക ഒന്നിന് 25 രൂപ
ഒരു ചക്ക വെട്ടി ചുള അരിഞ്ഞുനൽകുന്നതിന് 25 രൂപയാണ് കൂലിയെന്ന് മുപ്പിലക്കാരൻ വീട്ടിൽ സതി പറഞ്ഞു. ദിവസം പത്ത് ചക്ക വെട്ടാൻ കഴിയുന്നുണ്ട്. ഒന്നിലേറെപ്പേരുണ്ടെങ്കിൽ കൂടുതൽ വെട്ടാൻ കഴിയും. ആറുമാസം തൊഴിൽ ലഭിക്കും. ചക്ക സീസൺ കഴിയുംവരെ തുടർച്ചയായി തൊഴിൽ ലഭിക്കുമെന്ന് അവർ പറഞ്ഞു.
പ്രായം ചെന്നവരും കഠിനമായ ജോലികൾ ചെയ്യാൻ കഴിയാത്തവരുമാണ് ചക്കവെട്ടുന്നതിൽ ഭൂരിഭാഗവും. വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്നതിനാൽ ബുദ്ധിമുട്ടില്ലെന്ന് മൂലൻവീട്ടിൽ വർഗീസ് പറഞ്ഞു.