ചിനക്കത്തൂരിൽ ഇനി പൂരച്ചൂട്; പറയെടുപ്പിന് തുടക്കമായി
ഒറ്റപ്പാലം: വള്ളുവനാടൻ ക്ഷേത്രോത്സവങ്ങളിൽ പ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തിന് നാന്ദികുറിച്ച് പറയെടുപ്പിന് തുടക്കമായി. മാർച്ച് ആറിന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ഒറ്റപ്പാലം ദേശത്തെ മാത്തൂർ മനയിൽ നിന്നും ആരംഭിച്ച പറയെടുപ്പ് തട്ടകത്തിൽ പത്തുനാൾ നീളും.
മാത്തൂർ മനയിൽ നിന്നും പറയെടുപ്പിന് നാന്ദികുറിക്കാൻ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മനോജ് കുമാർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുഭാഷ്, ഒറ്റപ്പാലം ദേശക്കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരെത്തിയിരുന്നു. ഒറ്റപ്പാലം ദേശത്ത് പറയെടുപ്പ് 26ന് ഉച്ചതിരിയും വരെയുണ്ടാവും. രണ്ടുവർഷം കൊവിഡ് നിയന്ത്രണങ്ങൾ മൂലം വീടുകളിലെത്തിയുള്ള പറയെടുപ്പ് ഒഴിവാക്കിയിരുന്നു. ഒരിടവേളയ്ക്കുശേഷം ഭഗവതി വീടുകളിലെത്തി അനുഗ്രഹം ചൊരിയുമെന്ന അഹ്ലാദത്തിലും വിശ്വാസത്തിലുമാണ് ഏഴ് ദേശങ്ങളിലെയും പൂര പ്രേമികൾ. ഭഗവതിയുടെ ഭൂതഗണങ്ങളായ പൂതൻ, വെള്ളാട്ട്, നായാടി ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ ഉത്സവ സന്ദേശവുമായി തട്ടകത്തിലൂടെയുള്ള ഊര് ചുറ്റലിനും തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിന് പൂരത്തിന് കൊടിയേറിയതോടെ ചിനക്കത്തൂർ തട്ടകം കടുത്ത പൂര ചൂടിലായി.