കത്തും വെയിലിലും കുടിവെള്ളത്തിന് ക്യൂ
കൊച്ചി: പൊള്ളുന്ന വെയിലത്തും പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ ടാങ്കറുകളിലെത്തിക്കുന്ന കുടിവെള്ളത്തിനായി ഇന്നലെയും കാത്തുനിന്നത് നൂറുകണക്കിനുപേർ. പിറവം, പാഴൂർ പമ്പിംഗ് സ്റ്റേഷനിലെ മൂന്നു മോട്ടോറുകളിൽ രണ്ടെണ്ണം തകരാറിലായതിനെത്തുടർന്ന് പശ്ചിമ കൊച്ചിയിലും മരട് മേഖലയിലുമുണ്ടായ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. ചെല്ലാനം, കുമ്പളങ്ങി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, മുണ്ടംവേലി, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്ഥിതി ഗുരുതരമാണ്.
മരട്, പെരുമാനൂർ എന്നിവിടങ്ങളിൽ നിന്നായി വിവിധയിടങ്ങളിലേക്ക് ഇന്നലെ വൈകിട്ട് അഞ്ചു വരെ 52 ലോഡ് വെള്ളമാണ് വിതരണം ചെയ്തത്. (മരടിൽ നിന്ന് 42 ലോഡും പെരുമാനൂരിൽ നിന്ന് 10ഉം ലോഡുകൾ).
അറ്റകുറ്റപ്പണി തുടരുകയാണെന്നും വേഗം പ്രശ്‌നം പരിഹരിക്കുമെന്നും വാട്ടർ അതോറിട്ടി അധികൃതർ പറയുന്നുണ്ടെങ്കിലും പരിഹാരം കാണാത്തതിൽ ജനരോഷം ഉയരുന്നുണ്ട് . കുടിവെള്ള ക്ഷാമത്തെ തുടർന്ന് ജനങ്ങൾ ഒന്നിലേറെത്തവണ ഉപരോധങ്ങളും സമരങ്ങളും സംഘടിപ്പിച്ചിരുന്നു. വിതരണം അപര്യാപ്തമായ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് കൂടുതൽ ടാങ്കറുകൾ ഏറ്റെടുക്കാൻ എറണാകുളം, മുവാറ്റുപുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ദുരന്ത നിവാരണ നിയമം സെക്ഷൻ 65 പ്രകാരമാണ് ടാങ്കറുകൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉത്തരവിട്ടത്. ചെറിയ ടാങ്കറുകളുടെ അഭാവത്തെ തുടർന്ന് ഇടറോഡുകളിൽ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലായിരുന്നു കളക്ടറുടെ നടപടി. പശ്ചിമകൊച്ചിയിലെ ജലവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഫോർട്ടുകൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം സജ്ജമാക്കാനും കഴിഞ്ഞദിവസം തീരുമാനമായിരുന്നു.
തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു പാഴൂരിലെ പമ്പിംഗ് സ്റ്റേഷനിൽ മേട്ടോറുകളിലെ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും പമ്പിന്റെ ബുഷിന്റെ ഫാബ്രിക്കേഷൻ ജോലികളും ഷാഫ്റ്റിന്റെ ജോലികളുമാണ് ഇപ്പോൾ ചെയ്തുവരുന്നതെന്നും അധികൃതർ അറിയിച്ചു.
എത്രയും വേഗം പരിഹരിക്കണം: കെ.വി. തോമസ്
കിണറുകളോ കുളങ്ങളോ ഇല്ലാത്ത പശ്ചിമ കൊച്ചിയിലേക്ക് മാർച്ച് എട്ടാം തിയതിയോടെ മാത്രമേ വെള്ളമെത്തുകയുള്ളൂ എന്നത് ഭീതിജനകമായ കാര്യമാണെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. അതിനാൽ കുടിവെള്ള പ്രശ്‌നത്തെ സർക്കാർ ഗൗരവത്തോടെ കാണണം. വാട്ടർ അതോറിട്ടിയുടെ സപ്ലൈ പോയിന്റുകളുടെ എണ്ണം കൂട്ടണമെന്നും കൂടുതൽ കുടിവെള്ള ടാങ്കറുകൾ രംഗത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.