പരാതി നൽകിയ വിരോധത്തിൽ മർദ്ദനം, പ്രതികൾ പിടിയിൽ
കൊല്ലം: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ അക്രമം നടത്തിയ കേസിലെ പ്രതികള അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പനയം, ചോനംചിറ, കുന്നിൽ പടിഞ്ഞാറ്റതിൽ ജിത്തു എന്ന ശരത്ത് (24), കണ്ണൻ എന്ന ജിജിത്ത് (21), പനയം, കണ്ടച്ചിറ, വേളിക്കാട് മേലതിൽ വിഷ്ണു (24) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സമീപവാസിയായ സുദേവൻ പ്രതികളായ ശരത്തിനും, ജിജിത്തിനും എതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ കഴിഞ്ഞ 21ന് രാത്രി 9ന് പനയം പൂവങ്കൽ ജംഗ്ഷന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന സുദേവനെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞു നിർത്തി ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ സുദേവന്റെ കാലിന് സാരമായി പരിക്കേറ്റു. ഇയാൾ അഞ്ചാലുംമൂട് പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, പ്രദീപ്, എസ്.സി.പി.ഒ സുനിൽ, ലാസർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.