ചിന്ത കൊട്ടേഷൻ സംഘത്തെ കൂട്ടുപിടിച്ചു: അഡ്വ. ബിന്ദുകൃഷ്ണ
കൊല്ലം: യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതയ്ക്കാൻ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോം ക്വട്ടേഷൻ സംഘത്തെ കൂട്ടുപിടിച്ചെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ആരോപിച്ചു. ചിന്താ ജെറോമിന്റെ കപടമുഖം പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച് പകരം വീട്ടുകയെന്നതായിരുന്നു ചിന്തയുടെ ലക്ഷ്യം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹനാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. പാർട്ടി ഓഫീസിൽ നിന്ന് നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കി ജനങ്ങളെ കബളിപ്പിക്കാതെ ശക്തമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.