കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ മാർച്ച് 9ന് തുറക്കും
കൊല്ലം: കാഷ്യു കോർപ്പറേഷന്റെ മുഴുവൻ ഫാക്ടറികളും മാർച്ച് 9 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ചെയർമാൻ എസ്.ജയമോഹൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
12,000 മെട്രിക് ടൺ തോട്ടണ്ടി വിദേശ രാജ്യങ്ങളിൽ നിന്ന് ലഭ്യമാക്കാൻ കാഷ്യു ബോർഡുമായി ധാരണയായിട്ടുണ്ട്. കഴിഞ്ഞ വർഷം 6000 മെട്രിക് ടൺ തോട്ടണ്ടിയാണ് ലഭ്യമായത്. മൊസാംബിയയിൽ നിന്ന് 3000 മെട്രിക് ടൺ തോട്ടണ്ടി എത്തി. ഘാനയിൽ നിന്ന് 2000 മെട്രിക് ടൺ തോട്ടണ്ടി മാർച്ച് മാസത്തോടെ എത്തും. 114 രൂപ വിലയ്ക്ക് നാടൻ തോട്ടണ്ടി സംഭരിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
2022ൽ വിരമിച്ച 380 തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റിയുടെ വിതരണോദ്ഘാടനം ഇന്ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. കോർപ്പറേഷനിലെ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും കാഷ് അവാർഡ് വിതരണം, പത്താം തരം തുല്യതാ പരീക്ഷ പാസായ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റുകൾ, കാൻസർ ബാധിതരായവർക്ക് ചികിത്സാ സഹായം, ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാത്ത കശുഅണ്ടി തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യം തുടങ്ങിയവ വിതരണം ചെയ്യും. കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് വിരമിച്ച തൊഴിലാളികൾക്കെല്ലാം വിരമിക്കുമ്പോൾ തന്നെ ഗ്രാറ്റുവിറ്റി നൽകുന്നത്. കാഷ്യു കോർപ്പറേഷൻ എം.ഡി ഡോ.രാജേഷ് രാമകൃഷ്ണൻ, ഡയറക്ടർമാരായ ജി.ബാബു, ബി.സുജീന്ദ്രൻ, അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.